തിരുവനന്തപുരം: പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല.... കെ.ജി.എഫ് സിനിമയിലെ ഈ സൂപ്പർ ഹിറ്റ് ഡയലോഗ് പ്രായത്തെ വെറും നമ്പാറാക്കി, കല്യാണവും കഴിഞ്ഞ് രണ്ട് കുട്ടികളുടെ മാതാവുമായ ശേഷം മത്സരവേദിയിലേക്ക് തിരികെയെത്തി പവർ ലിഫ്ടിംഗിൽ ഏഷ്യൻ ചാമ്പ്യനായ ലിബാസ് സാദിഖ് പറയുമ്പോൾ വീട്ടമ്മയേക്കാൾ വലിയ പോരാളിയില്ല എന്നാകും...
സ്പോർട്സിനോടുള്ള അടങ്ങാത്ത ആഗ്രഹവും ഭർത്താവ് സാദിഖിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് സ്വപ്നങ്ങൾ ഓരോന്നായി 'ഉയർത്താൻ" ലിബാസിന് ഊർജ്ജമാകുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് ദേശീയ വെയ്റ്റ്ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ 76 കിലോ വിഭാഗത്തിൽ സ്വർണം നേടിയ മുപ്പത്തിയഞ്ചുകാരിയായ ലിബാസ് ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന മാസ്റ്റേഴ്സ് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ലോകചാമ്പ്യനാകാനുള്ല തയ്യാറെടുപ്പിലാണ് ഇപ്പോൾ ലിബാസ്.
കോളേജ് കാലത്ത് പരീക്ഷയ്ക്ക് ഇൻവിജലേറ്ററായി വന്ന അദ്ധ്യാപകന്റെ നിർദ്ദേശ പ്രകാരം വെയ്റ്റ് ലിഫ്ടിംഗിലേക്ക് വന്ന ലിബാസ് ദേശീയ ചാമ്പ്യനായി നിരവിധി മെഡലുകൾ വാരിക്കൂട്ടി. പിന്നീട് വിവാഹത്തോടെ മത്സരവേദികളിൽ നിന്ന് വിടപറഞ്ഞു. അമ്മയായശേഷം മക്കളുടെ കാര്യങ്ങളും കുടുംബകാര്യങ്ങളും നോക്കുന്ന തിരക്കിലായിരുന്നു. തുടർന്ന് 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം സാദിഖിന്റെ കൂടി നിർബന്ധ പ്രകാരം കായിക രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു. 2019ൽ കസഖ്സ്ഥാനിൽ നടന്ന ഏഷ്യൻ ക്ലാസിക്ക് പവർലിഫ്ടിംഗിൽ 84 കിലോ ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി തിരിച്ചുവരവ് ഗംഭീരമാക്കി. ഒളിമ്പിക് സ്വർണം ലക്ഷ്യംവയ്ക്കുന്ന ലിബാസ് അതിനായി വെയ്റ്റ് ലിംഫ്ടിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പരിശീലനത്തിലാണിപ്പോൾ. എൻ.ഐ.എസ് കോച്ച് ഗോപാലകൃഷ്ണനാണ് ലിബാസിന്റെ പരിശീലകൻ. പാരാഗ്ലൈഡിംഗിലും സ്കൈഡൈവിംഗിലും മികവു പ്രകടിപ്പിക്കുന്ന ലിബാസ് ബുള്ളറ്റ് റൈഡർ കൂടിയാണ്. പരിശീലനത്തിനുൾപ്പെടെ മാസം ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്നുണ്ടെങ്കിലും ഭാര്യയുടെ ആഗ്രഹങ്ങൾക്കും അവളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്രയത്നങ്ങൾക്കുമാണ് പ്രധാന പരിഗണനയെന്ന് സാദിഖ് പറയുന്നു. ബിസിനസുകാരനും സിനിമാ നിർമ്മാതാവുമായ സാദിഖ് താനൂർ സ്വദേശിയാണെങ്കിലും ഇപ്പോൾ കുടുംബമായി എറണാകുളം കലൂരിലെ ഫ്ലാറ്റിലാണ് താമസം. മക്കളായ ഒമ്പതാംക്ലാസുകാരി ഹന്നാ ഫാത്തിനും മൂന്നാംക്ലാസുകാരി റിദാ മിനാലും ഉമ്മയെപ്പോലെ സ്പോർട്സ് പ്രേമികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |