SignIn
Kerala Kaumudi Online
Thursday, 25 April 2024 8.11 PM IST

ടൈറ്റാൻസിന്റെ ടൈം !

titans-

ഈ സീസൺ ഐ.പി.എല്ലിലേക്കുള്ള മെഗാ താരലേലം കഴിഞ്ഞപ്പോൾ പുതിയ ടീമായ ഗുജറാത്ത് ടൈറ്റാൻസിനെ ഒരു ശരാശരി ടീം മാത്രമായാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തിയത്. നായകനായി പരിചയസമ്പന്നനല്ലാത്ത, പരിക്കുമൂലം കുറച്ചുനാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഹാർദിക് പാണ്ഡ്യയുടെ ക്യാപ്ടൻസി, ഐ.പി.എല്ലിൽ പരിചയ സമ്പന്നരെങ്കിലും കളിച്ചുകൊണ്ടിരുന്ന ടീമുകൾ നിലനിറുത്താൻ തയ്യാറാവാതിരുന്ന റാഷിദ് ഖാനെപ്പോലെയുള്ള ഒരുപിടി താരങ്ങൾ...പ്രതീക്ഷകളുടെ അധികഭാരം ഗുജറാത്ത് ടൈറ്റാൻസിന്റെ മേൽ പതിയാതിരിക്കാൻ ഇതൊക്കെത്തന്നെ ധാരാളമായിരുന്നു. ഒടുവിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഹാർദിക് പാണ്ഡ്യ 2022 സീസണിലെ ഐ.പി.എൽ കിരീടമേറ്റുവാങ്ങി.

നെഹ്റയുടെ മിശ്രണം,കേഴ്സ്റ്റന്റെ പാക്കിംഗ്

ആരും വിലകൽപ്പിക്കാതിരുന്ന ടൈറ്റാൻസിനെ ഉരച്ചുരച്ച് പരുവമാക്കിയെടുത്തത് രണ്ടുപേർ ചേർന്നാണ്; ആശിഷ് നെഹ്റയും ഗാരി കേഴ്സ്റ്റണും.ടീമിന്റെ മുഖ്യ കോച്ചായ നെഹ്റ തങ്ങളെക്കൊണ്ട് പണിയെടുപ്പിച്ചുനേടിയ വിജയമാണ് ഇതെന്നാണ് കിരീടധാരണത്തിന് ശേഷം ഹാർദിക് പറഞ്ഞത്.ഇന്ത്യൻ ടീമിൽ കളിക്കുന്ന കാലത്തും ശരാശരിക്കാരനായിരുന്നു നെഹ്റ. പക്ഷേ തളരാതെ അവസാനം വരെ പൊരുതാനുള്ള വാശി അദ്ദേഹത്തെ ഇന്ത്യൻ ടീമിലെ അഭിവാജ്യഘടകമാക്കിമാറ്റിയിരുന്നു.

നെഹ്റ ഉൾപ്പടെയുള്ളവരെക്കൊണ്ട് 2011ലെ ലോകകപ്പിൽ മുത്തമിടീച്ച ഇന്ത്യൻ പരിശീലകനാണ് ഗാരി കേഴ്സ്റ്റൺ. ബാറ്റിംഗ് കോച്ച്, മെന്റർ എന്നിങ്ങനെ ഇരട്ടറോളിലായിരുന്നു കേഴ്സ്റ്റന്റെ വരവ്.തന്ത്രങ്ങൾ മെനയാനും അത് ഗ്രൗണ്ടിൽ നടപ്പിലാക്കിക്കാനും തനിക്കുള്ള മിടുക്ക് ഒരിക്കൽക്കൂടി അദ്ദേഹം തെളിയിച്ചു. നെഹ്റയുടെ മിശ്രണവും കേഴ്സ്റ്റന്റെ പായ്ക്കിംഗും കൂടിയായപ്പോൾ ഇക്കുറി ടാറ്റ ഐ.പി.എൽ കിരീടം ടൈറ്റാൻസിന്റെ അലമാരയിലെത്തി.

ഹാർദവം ഹാർദിക്

ഈ സീസണിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട ക്യാപ്ടനാണ് ഹാർദിക് പാണ്ഡ്യ. ഫീൽഡിംഗിൽ ഉഴപ്പിയതിന് വെറ്ററൻ പേസർ മുഹമ്മദ് ഷമിയോട് ഗ്രൗണ്ടിൽവച്ച് കടുത്ത ഭാഷ പ്രയോഗിച്ചതിന്റെ പേരിലായിരുന്നു അത്. എന്നാൽ ടൂർണമെന്റ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ഏറ്റവും മികച്ച ക്യാപ്ടനായി ഹാർദിക് മാറിക്കഴിഞ്ഞിരുന്നു. പ്ളേഓഫിൽ ബാറ്റ്സ്മാൻ,ബൗളർ,ഫീൽഡർ,ക്യാപ്ടൻ എന്നീ റോളുകളിലെല്ലാം ഹാർദിക് അതിഗംഭീരപ്രയത്നമാണ് കാഴ്ചവച്ചത്. പ്ളേഓഫിലെ രണ്ട് മത്സരങ്ങളിലും ഒരേ എതിരാളികളെയാണ് ടൈറ്റാൻസ് തോൽപ്പിച്ചത്. അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ക്യാപ്ടൻ കൂൾ എന്ന പഴയ ധോണിയുടെ വിശേഷണം പലരും ഹാർദിക്കിന് ചാർത്തിക്കൊടുത്തു.

ആദ്യ ക്വാളിഫയറിലും രാജസ്ഥാനെ ചേസ് ചെയ്ത് തോൽപ്പിക്കുകയായിരുന്നു ടൈറ്റാൻസ്. ഹാർദിക്കിന്റെ ക്ഷമയുള്ള ഇന്നിംഗ്സുകളിലാണ് ടൈറ്റാൻസിന്റെ രണ്ട് ചേസിംഗ് വിജയങ്ങളുടെയും അടിത്തറ പണിതത്. കൊൽക്കത്തയിൽ 188 റൺസ് നേടിയ സഞ്ജുവിന്റെ ടീമിനെ അഹമ്മദാബാദിൽ 130ൽ ഒതുക്കിയത് ഹാർദിക്കിന്റെ ബൗളിംഗ് മികവായിരുന്നു. സഞ്ജു,ഹെറ്റ്മേയർ,ബട്ട്‌ലർ എന്നീ രാജസ്ഥാന്റെ കുന്തമുനകളെയാണ് ഹാർദിക് ഫൈനലിൽ പുറത്താക്കിയത്. പരിക്ക്മൂലം ബൗളിംഗിൽ നിന്ന് വിട്ടുനിന്ന ഹാർദിക്കിന്റെ മികവ് ഒട്ടും ചോർന്ന് പോയിട്ടില്ലെന്ന് തെളിയിക്കുന്നത് കൂടിയായി ഈ ഐ.പി.എൽ.

സഞ്ജുവിന്റെ സങ്കടം

രാജസ്ഥാൻ റോയൽസ് ക്യാപ്ടനായി സഞ്ജു സാംസണിന്റെ രണ്ടാം സീസണായിരുന്നു ഇത്. 2008ൽ ആദ്യ ഐ.പി.എൽ നേടിയ ടീമിനെ അതിന് ശേഷം ആദ്യമായി ഫൈനലിലെത്തിച്ച നായകൻ എന്ന അഭിമാനത്തോടെയാണ് സഞ്ജു മടങ്ങുന്നത്. എന്നാൽ കപ്പടിക്കാൻ രാജസ്ഥാന് ലഭിച്ച സുവർണാവസരമായിരുന്നു ഇതെന്ന് പറയാതെ വയ്യ. ബാറ്റിംഗിലും ബൗളിംഗിലും സമീപകാലത്തെ ഏറ്റവും മികച്ച ടീമിനെയാണ് സംഗക്കാര എന്ന പരിശീലകന് കീഴിൽ ഇക്കുറി റോയൽസ് അണിനിരത്തിയത്. അപാരഫോമിലുള്ള ബട്ട്‌ലർ,ഹെറ്റ്മേയർ എന്നിവർക്കൊപ്പം സഞ്ജുവും യശ്വസിയും ദേവ്ദത്തും അശ്വിനും അണിനിരന്ന രാജസ്ഥാന്റെ ബാറ്റിംഗ് നിരയെ എല്ലാ ടീമുകളും ഭയപ്പെട്ടിരുന്നു. അശ്വിൻ-ചഹൽ സ്പിൻ സഖ്യവും ബൗൾട്ടിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും പേസ് സഖ്യവും ചേർന്ന് നിരവധി വിജയങ്ങളാണ് ഈ സീസണിൽ രാജസ്ഥാന് നേടിക്കൊടുത്തത്. എന്നാൽ ഫൈനലിൽ ഇവരെല്ലാം ഒരുമിച്ചു പരാജയപ്പെട്ടു എന്നതാണ് സഞ്ജുവിനെ സങ്കടത്തിലാക്കിയത്.

ഐ.പി.എൽ അവാർഡ്സ്

ഓറഞ്ച് ക്യാപ്പ് : ജോസ് ബട്ട്‌ലർ

പർപ്പിൾ ക്യാപ്പ് : യുസ്‌വേന്ദ്ര ചഹൽ

മോസ്റ്റ് വാല്യുവബിൾ പ്ളേയർ ഒഫ് ദ സീസൺ : - ജോസ് ബട്ട്‌ലർ

എമർജിംഗ് പ്ളേയർ ഒഫ് ദ സീസൺ : ഉമ്രാൻ മാലിക്

ഗെയിം ചേഞ്ചർ ഒഫ് ദ സീസൺ : ജോസ് ബട്ട്‌ലർ

പവർ പ്ളേയർ ഒഫ് ദ സീസൺ : ജോസ് ബട്ട്‌ലർ

ക്യാച്ച് ഒഫ് ദ സീസൺ : എവിൻ ലെവിസ്

ആദ്യ സീസൺ തന്നെ കിരീടം കൊണ്ട് അലങ്കരിക്കാൻ കഴിഞ്ഞതിൽ ആഹ്ളാദം , അഭിമാനം. ആത്മവിശ്വാസമുള്ള ഒരു സംഘത്തിന് ഏത് വെല്ലുവിളിയും നേടാനാകുമെന്ന് ഞങ്ങൾ തെളിയിച്ചു.

- ഹാർദിക് പാണ്ഡ്യ

ഗുജറാത്ത് ടൈറ്റാൻസിന് അഭിനന്ദനങ്ങൾ . അവർ അർഹിക്കുന്ന വിജയം തന്നെയാണിത്.

- സഞ്ജു സാംസൺ

104859 പേരാണ് ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ എത്തിയത്.

1062 സിക്സുകളാണ് ഈ സീസണിൽ പിറന്നത്. ഏറ്റവും കൂടുതൽ സിക്സുകൾ പിറന്ന സീസണും സിക്സുകളുടെ എണ്ണം ആയിരം കവിയുന്ന ആദ്യ സീസണും ഇതാണ്.

147 സിക്സുകളാണ് ആർ.സി.ബി ‌ ഈ സീസണിൽ നേടിയത്. ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീമാണ് ആർ.സി.ബി

8 സെഞ്ച്വറികളാണ് ഈ സീസണിൽ പിറന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കാഡ് പിറന്നു. 2016ലെ ഏഴ് സെഞ്ച്വറികളുടെ റെക്കാഡാണ് മറികടന്നത്.

4 ആകെ പിറന്ന എട്ടിൽ പകുതി സെഞ്ച്വറികളും നേടിയത് ജോസ് ബട്ട്‌ലർ. 2016ലെ കൊഹ്‌ലിയുടെ നാലുസെഞ്ച്വറികളുടെ റെക്കാഡിനൊപ്പമാണ് ബട്ട്‌ലർ എത്തിയത്.

13 തവണയാണ് രാജസ്ഥാൻ റോയൽസിന് ടോസ് നഷ്ടമായത്. 17 മത്സരങ്ങളിലാണ് സഞ്ജു ഈ സീസണിൽ രാജസ്ഥാനെ നയിച്ചത്.

27 വിക്കറ്റുകളാണ് യുസ്വേന്ദ്ര ചഹൽ നേടിയത്. ഒരു സീസണിൽ സ്പിന്നർ നേടുന്ന ഏറ്റവും ഉയർന്ന വിക്കറ്റാണിത്.

863 സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്താണ് ബട്ട്‌ലർ. 2016ൽ 973 റൺസ് നേടിയ കൊഹ്‌ലി മാത്രമാണ് ബട്ട്‌ലർക്ക് മുന്നിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, TITANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.