കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ തോറ്റെങ്കിലും ആസ്ട്രേലിയൻ ടീം ഹൃദയങ്ങൾ കീഴടക്കി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ ഗാലറിയിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾ ആസ്ട്രേലിയ ആസ്ട്രേലിയ എന്നാർത്തുവിളിച്ച് സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപത്തിലും വലയുന്ന ശ്രീലങ്കയിലേക്ക് പര്യടനത്തിന് വരാൻ സന്മനസു കാണിച്ച ഓസീസ് ടീമിന് നന്ദിയറിയിച്ചു.
അഞ്ചാം മത്സരത്തിൽ 4 വിക്കറ്റിന് ജയിച്ചെങ്കിലും 2-3ന് ഓസീസ് ടീമിന് പരമ്പര നഷ്ടമായിരുന്നു. എന്നാൽ ലങ്കൻ ജനതയുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി നിറഞ്ഞ മനസോടെയാണ് ഓസീസ് താരങ്ങൾ കളം വിട്ടത്. ആസ്ട്രേലിയയുടെ മഞ്ഞ ജേഴ്സിയും അവരുടെ കൊടികളുമായാണ് ലങ്കൻ കാണികൾ പ്രേമദാസ സ്റ്റേഡിയത്തിൽ എത്തിയത്. പലരുടെ കൈയിലും കെട്ടകാലത്ത് തങ്ങളെ ചേർത്തുപിടിച്ച ഓസീസ് ടീമിന് നന്ദിയറിയിച്ചു കൊണ്ടുള്ല പ്ലക്കാർഡുകളുമുണ്ടായിരുന്നു.
ഗാലറിയെ വലംവച്ച് കാണികളെ അഭിവാദ്യം ചെയ്താണ് ഓസീസ് ടീം മടങ്ങിയത്. ലങ്കൻ ജനതയുടെ സ്നേഹത്തിന് ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |