മയാമി: പ്രീ സീസൺ മത്സരത്തിൽ സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണ മുൻ ഇംഗ്ളണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ക്ലബ് ഇന്റർ മയാമിയെ എതിരില്ലാത്ത ആറുഗോളുകൾക്ക് തോൽപ്പിച്ചു.
ബാഴ്സയ്ക്ക് വേണ്ടി പിയറി എമറിക്ക് ഔബമയാംഗാണ് ആദ്യം വലകുലുക്കിയത്. പിന്നാലെ റാഫീന്യ, അൻസു ഫാറ്റി എന്നിവരും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയിൽ 3-0 ന് ലീഡ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവതാരം ഗാവി ബാഴ്സയ്ക്ക് വേണ്ടി നാലാം ഗോൾ കണ്ടെത്തി. പിന്നാലെ മെംഫിസ് ഡെപേയും ഓസ്മാനെ ഡെംബെലെയും ലക്ഷ്യം കണ്ടു. പുതിയ സീസണിൽ ബാഴ്സയുടെ ആദ്യ വിജയമാണിത്. ആദ്യ പ്രീ സീസൺ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ യു.ഇ ഒലോട്ട് ബാഴ്സയെ സമനിലയിൽ തളച്ചിരുന്നു. അടുത്ത പ്രീ സീസൺ മത്സരത്തിൽ ഞായറാഴ്ച ബാഴ്സ ചിരവൈരികളും നിലവിലെ സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ റയൽ മാഡ്രിഡിനെ നേരിടും. ജൂലായ് 27 ന് യുവന്റസിനെയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |