SignIn
Kerala Kaumudi Online
Friday, 29 March 2024 11.08 AM IST

ജിസ്‌മോൻ ഇന്റർനാഷണൽ ആർബിറ്റർ

jismon

പാലാ: ലോക ചെസ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി സ്വന്തമാക്കി മലയാളിയായ ജിസ്‌മോൻ മാത്യു. ചെന്നൈയിൽ ലോക ചെസ്സ് ഒളിമ്പ്യാഡിനോട് അനുബന്ധിച്ച് നടന്ന ഫിഡേ കോൺഗ്രസിന്റെ സമാപനത്തിലാണ് മത്സരനിയന്ത്രണത്തിന് ജിസ്‌മോനെത്തേടി ഉന്നത അംഗീകാരമത്തിയത്.

ഫിഡേ ആർബിറ്റർമാരിലെ ഏറ്റവും ഉയർന്ന പദവിയാണ് ഇന്റർനാഷണൽ ആർബിറ്റർ. ഇത് സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ജിസ്‌മോൻ. 2012ൽ ഫിഡേ ആർബിറ്റർ ടൈറ്റിൽ ആദ്യമായി കേരളത്തിലെത്തിച്ചതും ജിസ്‌മോനായിരുന്നു. ലോക യൂത്ത് ചെസ് ഒളിമ്പ്യാഡ്, കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് തുടങ്ങിയ അമ്പതോളം ടൂർണമെന്റുകൾ നിയന്ത്രിച്ചിട്ടുള്ള പരിചയ സമ്പന്നനാണ് ഈ പാലാ സ്വദേശി.

ഇരുമാപ്രമറ്റം എം.ഡി. സി.എം.എസ്. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ വോളിബാൾ ടീമിലംഗമായിരുന്ന ജിസ്‌മോൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് യാദൃശ്ചികമായി ചെസ്സിന്റെ ലോകത്ത് എത്തിയത്. വീടിന് സമീപത്തെ ചെറിയ കടയിൽ നിന്നും തുടങ്ങിയ കരുനീക്കം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽഅന്താരാഷ്ട്ര റേറ്റിംഗ് നേടുന്ന കളിക്കാരനിൽ എത്തി. 2009 ൽ ജിസ്‌മോന്‍ ഇന്റർനാഷണൽ റേറ്റിംഗിൽ ഇടം നേടി. ലൈറ്റ്നിംഗ് ചെസിൽ (ഇന്നത്തെ ബ്ലിറ്റ്‌സ് & റാപ്പിഡ്) കോട്ടയം ജില്ലാ ചാമ്പ്യൻ, എം.ജി.യൂണിവേഴ്‌സിറ്റി വ്യക്തിഗത മത്സരത്തിൽ ഹാട്രിക് ചാമ്പ്യൻ, നാഗ്പൂരിൽ നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ ചെസ് ചാമ്പ്യൻഷിപ്പിൽ എം.ജി. യൂണിവേഴ്‌സിറ്റി ക്യാപ്ടൻ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് റേറ്റിംഗിലേക്ക് എത്തിയത്. മൂന്നു വർഷം പാലാ സെന്റ് തോമസ് യൂണിവേഴ്‌സിറ്റി ടീം ചെസ് ചാമ്പ്യൻമാരായപ്പോൾ ഒന്നാം ബോർഡിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ടീമിനെ വിജയിപ്പിച്ചത് ജിസ്‌മോനായിരുന്നു.

ചെസ് ചാമ്പ്യനായി അറിയപ്പെടാനാഗ്രഹിച്ച ജിസ്‌മോൻ കളി നടത്തുന്ന ആർബിറ്റർ ആയത് ആകസ്മികമായാണ്. ഇന്നത്തേപ്പോലെ കമ്പൂട്ടറുകളും മറ്റ് സാങ്കേതിക വിദ്യകളും ആർബിറ്റർമാരെ സഹായിക്കാനില്ലാതിരുന്ന അക്കാലത്ത് 'പെയറിംഗ് കാർഡുകൾ' ഉപയോഗിച്ചായിരുന്നു മത്സരങ്ങളിൽ എതിരാളികളെ തീരുമാനിച്ചിരുന്നത്. അത് താരതമ്യേന വിഷമമായതിനാൽ കളിക്കാൻ വരുന്നവരുടെ സഹായവും ആർബിറ്റർമാർ തേടിയിരുന്നു. പെയറിംഗ് കാർഡിൽ വിദഗ്ദ്ധനായിരുന്ന ജിസ്‌മോൻ, പങ്കെടുക്കുന്ന ടൂർണമെന്റുകളിലെല്ലാം ആർബിറ്റർമാരെ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ പല ടൂര്‍ണ്ണമെന്റുകളിലും കളിക്കാരനാകാൻ ചെന്ന് ആർബിറ്റർ ആകേണ്ടി വന്നിട്ടുമുണ്ട്.

1998 ലെ എം.ജി.യൂണിവേഴ്‌സിറ്റി സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് മുതൽ ചീഫ് ആർബിറ്ററായി തനിയെ മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയ ജിസ്‌മോൻ ആർബിറ്റർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആർബിറ്റർമാരിൽ ഒരാളായ തമിഴ് നാട്ടുകാരൻ രത്തിനം അനന്തരാമിന്റെ സെമിനാറിൽ പങ്കെടുത്തത് മറ്റൊരു വഴിത്തിരിവായി. ജിസ്‌മോനിലെ കഴിവുകൾ കണ്ടറിഞ്ഞ അനന്തറാം ലോക ചെസ് ഫെഡറേഷന്‍ നേരിട്ടു നടത്തുന്ന 'ഫിഡേ ആർബിറ്റർ' ടെസ്റ്റ് എഴുതാൻ ധൈര്യം പകർന്നു. രണ്ടാം റാങ്കോടെ വിജയിക്കുകയും ചെയ്തു.

പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്‌കൂളിലെ അദ്ധ്യാപകനായ ജിസ്‌മോൻ ഇപ്പോൾ വലിയകുമാരമംഗലം (മൂന്നിലവ്) സെന്റ് പോൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഗണിതശാസത്ര അദ്ധ്യാപകനാണ്. മേലുകാവുമറ്റം കണ്ണൻകുളത്ത് മാത്യുവിന്റെ പുത്രനാണ്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപികയായ ഭാര്യ ജിനുമോൾ ചെസിൽ നാഷണൽ ആർബിറ്ററാണ്. ഏക മകൻ ഒലീവിയോ ജിസ്‌മോൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JISMON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.