ടോക്യോ:ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ പ്രീക്വാർട്ടറിൽ എത്തി. ഒന്നാം റൗണ്ട് പോരാട്ടത്തിൽ ഹോങ്കോങ് താരം ചെയുംഗ് ഗാൻ യിയെ നേരിട്ടുള്ള ഗെയിമുകളിൽ സൈന അനായാസം വീഴ്ത്തി. 38 മിനിട്ടിൽ 21-19, 21-9ന് സൈന ജയിച്ചു കയറി. രണ്ടാം റൗണ്ടിലെ എതിരാളിയായിരുന്ന ജാപ്പനീസ് താരം നൊസോമി ഒക്കുഹാര പരിക്കിനെ തുടർന്ന് പിന്മാറിയതിനാൽ സൈനയ്ക്ക് പ്രീക്വാർട്ടറിലേയ്ക്ക് ബൈ ലഭിക്കുകയായിരുന്നു. ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ 32 കാരിയായ സൈന നേരത്തേ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
ട്രീസ -ഗായത്രി സഖ്യവും മുന്നോട്ട്
വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ്, അശ്വനി ഭട്ട്-ശിഖ ഗൗതം സഖ്യങ്ങളും ആദ്യ റൗണ്ടിൽ ജയം നേടി. ട്രീസ-ഗായത്രി സഖ്യം മലേഷ്യൻ ജൂഡി യീൻ യുവാൻ ലോ-വലേരി സിയോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തി സ്കോർ : 21-11,21-13.
അശ്വനിയും ശിഖയും ഇറ്റാലിയൻ ജോഡി മാർട്ടിന കൊറിസിനി - ജൂഡിത്ത് മെയർ സഖ്യത്തെ തോൽപ്പിച്ചു. സ്കോർ: 21-8,21-14.
മിക്സഡ് ഡബിൾസിൽ തനിഷ ക്രാസ്റ്റോ- ഇഷാൻ ഭട്നാഗർ,വെങ്കട് ഗാരവ് പ്രസാദ്- ജൂഹി ദേവാൻഗൻ സഖ്യങ്ങൾ തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |