SignIn
Kerala Kaumudi Online
Thursday, 25 April 2024 3.08 PM IST

കാര്യവട്ടത്തും ഉദിച്ചുയർന്നു വിജയസൂര്യൻ

cricket

തിരുവനന്തപുരം : ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പമ്പരം കറക്കിയ പിച്ചിൽ ഇന്ത്യയെ വിജയിപ്പിച്ചത് സൂര്യകുമാർ യാദവും കെ.എൽ രാഹുലും നേടിയ അർദ്ധസെഞ്ച്വറികൾ. ദക്ഷിണാഫ്രിക്കയു‌ടെ തണുപ്പൻ ബാറ്റിംഗിലും രോഹിതും കൊഹ്‌ലിയും വേഗം മടങ്ങിയതിലും നിരാശപ്പെട്ടിരുന്ന കാര്യവട്ടത്തെ കാണികളെ വിജയാരവത്തിലേക്ക് എത്തിച്ചാണ് രാഹുലും സൂര്യകുമാറും ഉദിച്ചുയർന്നത്.

ഇന്നലെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ രണ്ടാമതൊരു ചിന്തകൂടാതെയാണ് സന്ദർശകരെ ബാറ്റിംഗിന് വിളിച്ചത്.ആസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയിലെ ടീമിൽ നിന്ന് നാലു മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ നേരിയ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ദീപക് ചഹർ കളത്തിലിറങ്ങി. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം നൽകി പകരം റിഷഭ് പന്തിനെയും അർഷ്ദീപ് സിംഗിനെയും കളത്തിലിറക്കി. യുസ‌്‌വേന്ദ്ര ചഹലിന് പകരം ഓഫ് സ്പിന്നർ രവി ചന്ദ്രൻ അശ്വിനും കളത്തിലിറങ്ങി.

മൂന്നാം ഓവറിൽ അഞ്ചാം വിക്കറ്റ്

ദീപക് ചഹറാണ് ഇന്ത്യയ്ക്ക് വേണ്ടി ന്യൂബാളെടുത്തത്. ക്വിന്റൺ ഡി കോക്കും ക്യാപ്ടൻ ടെംപ ബൗമയും ചേർന്ന് സന്ദർശകർക്കായി ഓപ്പണിംഗിനെത്തി.ആദ്യ ഓവറിന്റെ അവസാനപന്തിൽ ബൗമയെ ക്ളീൻ ബൗൾഡാക്കി ചഹർ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കി. ചഹറിന്റെ അകത്തേക്ക് സ്വിംഗ് പന്ത് ബൗമയുടെ മിഡിൽസ്റ്റമ്പ് തെറുപ്പിക്കുകയായിരുന്നു. ഒരൊറ്റ റൺമാത്രമാണ് ചഹർ നൽകിയത്.

രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ക്വിന്റൺ ഡി കോക്കിന്റെ (1) കുറ്റി അർഷ്ദീപ് തെറിപ്പിച്ചതോടെ ഗ്രീൻഫീൽഡിലെ തിങ്ങിനിറഞ്ഞ ഗാലറികൾ ആവേശം കൊണ്ടുതുളുമ്പി. പകരമിറങ്ങിയ എയ്ഡൻ മാർക്രം ബൗണ്ടറിയുമായി കാലുറപ്പിക്കാൻ ശ്രമിച്ചെങ്കിലും റിലീ റൂസോയെ ഗോൾഡൻ ഡക്കാക്കി അർഷ്ദീപ് വീണ്ടും തീപ്പന്തമായി മാറി. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ കീപ്പർ റിഷഭിന് ക്യാച്ച് നൽകിയാണ് റൂസോ മടങ്ങിയത്. തൊട്ടടുത്ത പന്തിൽ മില്ലറും ബൗൾഡായതോടെ ദക്ഷിണാഫ്രിക്ക അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി.മില്ലറും ക്ളീൻ ബൗൾഡാവുകയായിരുന്നു.

മൂന്നാം ഓവറിലെ ആദ്യ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സും കൂടാരം കയറി. ചഹറിന്റെ പന്തിൽ തേഡ്മാനിൽ നിന്ന് മുന്നോട്ടോടിക്കയറിയ അർഷ്ദീപ് തകർപ്പനൊരു ക്യാച്ചിലൂടെയാണ് സ്റ്റബ്സിനെ തിരിച്ചയച്ചത്. ഒൻപത് റൺസ് മാത്രം ബോർഡിലുള്ളപ്പോഴാണ് അഞ്ച് മുൻനിരക്കാരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

തുഴഞ്ഞുനീങ്ങി കേശവും പാർണലും

അഞ്ചാം ഓവറിന്റെ അവസാനപന്തിൽ ചഹറിനെതിരെ മത്സരത്തിലെ ആദ്യ സിക്സടിച്ച് വെയ്ൻ പാർണൽ തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങി. പവർ പ്ളേയിലെ ആറോവറുകൾ പിന്നിടുമ്പോൾ 30/5 എന്ന നിലയിലായിരുന്നു സന്ദർശകർ.എട്ടാം ഓവറിൽ മാർക്രം ഹർഷൽ പട്ടേലിനെ സിക്സിന് പറത്തി.എന്നാൽ ഇതേഓവറിൽത്തന്നെ മാർക്രത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി പട്ടേൽ പകരം വീട്ടി. അമ്പയർ നിതിൻ മേനോൻ നോട്ടൗട്ട് വിളിച്ചെങ്കിലും ഇന്ത്യ ഡി.ആർ.എസിലൂടെയാണ് വിധി അനുകൂലമാക്കിയത്. 24 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പായിച്ചാണ് മാർക്രം മടങ്ങിയത്. ആദ്യ പത്തോവർ പിന്നിടുമ്പോൾ 48/6 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 12-ാം ഓവറിലാണ് അവർ 50 കടന്നത്. വെയ്ൻ പാർണലും കേശവ് മഹാരാജും ഇന്ത്യൻ ബൗളർമാർക്കെതിരെ റണ്ണെടുക്കാൻ പെടാപ്പാട് പെടുന്നതാണ് പിന്നീടും കണ്ടത്. പതിനഞ്ചോവറിൽ 63/6ലെത്താനേ അവർക്ക് കഴിഞ്ഞുള്ളൂ.

നൂറിലേക്കെത്തി സന്ദർശകർ

16-ാം ഓവറിൽ സൂര്യകുമാർ യാദവിന്റെ ഉഗ്രനൊരു ക്യാച്ചിലൂടെ പാർണലും കൂടാരം കയറി. അക്ഷർ പട്ടേലിനെ ഡീപ് മിഡ്‌വിക്കറ്റിലേക്ക് ഉയർത്തിയടിച്ചതാണ് പാർണലിന് വിനയായത്. 19-ാം ഓവറിൽ സ്പെൽ പൂർത്തിയാക്കാനെത്തിയ അർഷ്ദീപിനെ കേശവ് മഹാരാജ് ഒരോ ഫോറിനും സിക്സിനു പറത്തിയപ്പോൾ ടെസ്റ്റ് ശൈലിയിലെ ബാറ്റിംഗ് കണ്ട് ബോറടിച്ച കാണികളും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഈ ഓവറിന്റെ അവസാനപന്തിൽ സിംഗിളിലൂടെ കേശവ് മഹാരാജ് ടീമിനെ നൂറിലെത്തിച്ചു.തന്റെ ആദ്യ മൂന്നോവറിൽ 15 റൺസ് മാത്രം വഴങ്ങിയിരുന്ന അർഷ്ദീപ് 19-ാം ഓവറിൽ 17 റൺസാണ് വിട്ടുകൊടുത്തത്. അവസാന ഓവറിലെ ആദ്യ പന്ത് വൈഡാക്കിയ ഹർഷൽ പട്ടേൽ അടുത്തപന്തിൽ കേശവ് മഹാരാജിനെ ക്ളീൻ ബൗൾഡാക്കി.

തണുത്ത തുടക്കം,സിക്സിലൂടെ വിജയം

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് തുടക്കവും ശോകമൂകമായിരുന്നു. നായകൻ രോഹിതും (0),മുൻനായകൻ വിരാട് കൊഹ്‌ലിയും (3) കൂടാരം കയറിയപ്പോൾ 6.1ഓവറിൽ 17 റൺസിലെത്തിയിരുന്നതേയുള്ളൂ ഇന്ത്യ. അപകടം മണത്തെങ്കിലും സൂര്യകുമാർ യാദവ് വന്നവരവിൽ നേടിയ രണ്ട് സിക്സുകൾ കാണികളിൽ വീണ്ടും ഉ‌ൗർജം പകർന്നു. 11-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. എന്നാൽ പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് രാഹുലിനെയും സൂര്യകുമാറിനെയും തടുത്തുനിറുത്താനായില്ല. തന്റെ അർദ്ധസെഞ്ച്വറിയുറപ്പിച്ച സിക്സിലൂടെ രാഹുലാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രാഹുൽ 56 പന്തുകളിൽ 51 റൺസെടുത്തപ്പോൾ സൂര്യകുമാറിന് 33 പന്തുകളേ വേണ്ടിവന്നുള്ളൂ. സൂര്യകുമാർ അഞ്ചു ഫോറും മൂന്ന് സിക്സും പറത്തിയപ്പോൾ രാഹുൽ രണ്ട് സിക്സും നാലുഫോറും പായിച്ചു.

കളിയിലെ ആദ്യ 15 പന്തിനകമാണ് ഇന്ത്യ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്.

ഇന്നലെ നാല് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരാണ് ഡക്കായത്.ഇതിൽ മൂന്നുപേർ ഗോൾഡൻ ഡക്കായിരുന്നു.

തന്റെ നാലോവറുകളിൽ അശ്വിൻ വിട്ടുകൊടുത്തത് എട്ടു റൺസ് മാത്രമായിരുന്നു.ഇതിൽ ഒരോവർ മെയ്ഡനായിരുന്നു.

സൂര്യകുമാർ യാദവ് ട്വന്റി-20 ഫോർമാറ്റിൽ 200 സിക്സുകൾ തികച്ചു.

150

ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യൻ താരങ്ങൾ 150 അർദ്ധസെഞ്ച്വറികൾ തികച്ചു.

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് വീഴ്ച ഇങ്ങനെ

1-1(ബൗമ ബി ചഹർ 0)

2-1(ഡികോക്ക് ബി അർഷ്ദീപ് 1)

3-8(റൂസോ സി പന്ത് ബി അർഷ്ദീപ് 0)

4-8(മില്ലർ ബി അർഷ്ദീപ് 0)

5-9(സ്റ്റബ്സ് സി അർഷ്ദീപ് ബി ചഹർ)

6-42(മാർക്രം എൽ.ബി.ബി പട്ടേൽ 25 )

7-68( പാർണൽ സി സൂര്യകുമാർ ബി അക്ഷർ 24)

8-101(കേശവ് മഹാരാജ് ബി ഹർഷൽ പട്ടേൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.