ലണ്ടൻ: ഒന്നിലധികം വീടുളളവർ അതിൽ ഏതെങ്കിലും ആവശ്യക്കാർക്ക് താമസിക്കാൻ വാടകയക്ക് നൽകുന്നത് സർവസാധാരണമാണ്. ചിലർ ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് ആളുകൾക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നത്. അത്തരത്തിൽ ഏഴ് വർഷത്തിനുശേഷം വാടകയ്ക്ക് നൽകിയ സ്വന്തം ഫ്ലാറ്റ് കാണാനെത്തിയ വൃദ്ധ ദമ്പതികൾ കണ്ട കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബ്രിട്ടീഷ് ദമ്പതികളായ ക്രിസ് കോൺസിഡൈനും (70) ഭാര്യ സാന്ദയ്ക്കുമാണ് (58) ദുർഗതിയുണ്ടായത്.
വാടകയ്ക്ക് താമസിച്ചിരുന്ന പഴയ സുഹൃത്ത് ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞുപോയിരുന്നു. ഫ്ളാറ്റിന്റെ പ്രധാന വാതിൽ തുറന്നപ്പോൾ ദമ്പതികൾ കണ്ടത് അറപ്പുളവാക്കുന്ന കാഴ്ചകളായിരുന്നു. ഫ്ളാറ്റ് നിറയെ 3000ൽ അധികം ബിയർ ക്യാനുകളും മൂത്രം നിറച്ച പെട്ടികളും മലം നിറച്ച ബാഗുകളും അഴുകിയ ടേക്ക് എവേ ഭക്ഷണങ്ങളുമായിരുന്നു ചിതറി കിടന്നിരുന്നത്. 2018ൽ ദമ്പതികൾ മകൾക്കായി വാങ്ങിയതായിരുന്നു ഫ്ലാറ്റ്. രണ്ട് കിടപ്പുമുറികൾ ഉളള ഫ്ലാറ്റായിരുന്നു അത്.
സുഹൃത്തിന് താമസിക്കാനായി ദമ്പതികൾ ഫ്ലാറ്റ് കൊടുക്കുകായിരുന്നു. ആഴ്ചയിൽ 30 പൗണ്ടായിരുന്നു വാടക. എന്നാൽ അയാൾ ആദ്യത്തെ ആഴ്ച മാത്രമാണ് വാടക നൽകിയത്. തുടർന്ന് വാടക കിട്ടാതെ വന്നതോടെ സുഹൃത്തിനോട് താമസം മാറാൻ ക്രിസ് പറഞ്ഞിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് സുഹൃത്ത് ഫ്ളാറ്റിൽ നിന്ന് താമസം മാറിയില്ല. പിന്നീടാണ് ക്രിസും ഭാര്യയും ഫ്ലാറ്റിലേക്ക് വന്നത്. ഫ്ളാറ്റിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം തകർന്ന നിലയിലായിരുന്നു. ഫ്ളാറ്റ് വീണ്ടും താമസയോഗ്യമാക്കാനുളള ചെലവ് വളരെ വലുതാണെന്ന് ദമ്പതികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |