മോസ്കോ : വരുന്ന സെപ്തംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ജി 20 ഉച്ചകോടികളിലും പുട്ടിൻ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി പുട്ടിന്റെ പരിപാടികളുടെ സമയക്രമങ്ങൾ ഉദ്യോഗസ്ഥർ ക്രമീകരിക്കുകയാണെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുട്ടിനെ ഇന്ത്യ ക്ഷണിക്കുകയും ക്രെംലിൻ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുട്ടിൻ നേരിട്ട് പങ്കെടുക്കുമോ എന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെപ്തംബർ 9,10 തീയതികളിലാണ് ജി 20 ഉച്ചകോടി. ഇതിന്റെ തലേദിവസം റഷ്യ നടത്താനിരുന്ന വ്ലാഡിവോസ്റ്റോക് സാമ്പത്തിക ഉച്ചകോടി ഒരാഴ്ച കഴിഞ്ഞ് നടത്താൻ റഷ്യ തീരുമാനിച്ചെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ് ആണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |