വാഷിംഗ്ടൺ: രണ്ടാം ഘട്ട വ്യാപനം ലോകത്ത് അതിരൂക്ഷമാകുന്നതിനിടെ ലോകത്ത് ആകെ രോഗികളുടെ എണ്ണം 147,981,233 കോടിയായി. മരണം 3,125,500. അമേരിക്കയിലും ഇന്ത്യയിലും പ്രതിദിന രോഗികളും മരണവും ദിനംപ്രതി വർദ്ധിക്കുകയാണ്. നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. അതേസമയം, ഓക്സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സഹായമെത്തിച്ചു. പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വ്യക്തമാക്കി.
ഇന്ത്യയെ സഹായിക്കുന്നതിന് ആവശ്യമായ ജീവന് രക്ഷാ ഉപകരണങ്ങളും സഹായവും അടിയന്തരമായി അയയ്ക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ബൈഡനും ഹാരിസും ഉറപ്പ് നൽകി. പകർച്ചവ്യാധിയുടെ തുടക്കത്തിൽ നാം ബുദ്ധിമുട്ടിലായപ്പോൾ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ഇന്ത്യയെ ആവശ്യമുള്ള സമയത്ത് സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചതാണ് - ബൈഡന് പറഞ്ഞു. വേഗത്തിൽ സഹായവും പിന്തുണയും നൽകാൻ യു.എസ് ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കമലാ ഹാരിസ് പറഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് വേണ്ടിയും ധീരരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയും തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായി കമലാ കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |