ഫ്ലോറിഡ: 69-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയ കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ. ഇത് മൂന്നാം തവണയാണ് മെക്സിക്കൻ സ്വദേശി മിസ് യൂണിവേഴ്സാകുന്നത്.
ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിന്റെ ജാനിക് മാസെറ്റ സെക്കൻഡ് റണ്ണറപ്പുമായി. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി 26 കാരിയായ ആൻഡ്രിയയെ കിരീടം അണിയിച്ചു.ചുവന്ന തിളങ്ങുന്ന റെഡ് ഗൗണായിരുന്നു ആൻഡ്രിയയുടെ വേഷം. ഫലപ്രഖ്യാപനത്തിന് ശേഷം ആനന്ദ കണ്ണീരോടെ ആൻഡ്രിയ ഒരു വട്ടം കൂടി റാമ്പിൽ ചുവടുവച്ചു. 74 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ മത്സരത്തിൽ മാറ്റുരച്ചു. കൊവിഡ് മൂലം 2020 ൽ മത്സരം നടന്നിരുന്നില്ല.
സോഫ്റ്റ്വെയർ എൻജിനിയറിംഗ് ബിരുദധാരിയായ ആൻഡ്രിയ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മുൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ എന്ന സംഘടനയിലെ സജീവ പ്രവർത്തകയാണ്. മേക്കപ് ആർടിസ്റ്റും, മോഡലുമാണ്.
@ ഇന്ത്യയ്ക്ക് അഭിമാനമായി അഡ്ലൈൻ
മത്സരത്തിൽ നാലാം സ്ഥാനം നേടിയത് ഇന്ത്യക്കാരിയായ അഡ്ലൈൻ കാസ്റ്റിലിനാണ്. മിസ് ദീവ മത്സരത്തിൽ ഒന്നാം സ്ഥാനം ഈ 22 കാരി സ്വന്തമാക്കിയിരിക്കുന്നു.
മിസ് യൂണിവേഴ്സ് വേദിയിൽ വിധികർത്താക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഹൃദ്യമായ ഭാഷയിൽ മികച്ച മറുപടി നൽകി അഡ്ലൈൻ മനംകവർന്നിരുന്നു. കർണാടകയിലെ ഉടുപ്പി സ്വദേശിയായ അഡ്ലൈൻ ജനിച്ചത് കുവൈറ്റിലാണ്. കുവൈറ്റിലും മുംബയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചില ഡോക്യൂമെന്ററികളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
@ മ്യാൻമറിനായി പ്രാർത്ഥിക്കൂ
മിസ് യൂണിവേഴ്സ് വേദിയിൽ വേറിട്ട ശബ്ദമായി മ്യാന്മറിൽ നിന്നുള്ള മത്സരാർത്ഥി തുസർ വിന്ത് ല്വൻ. മ്യാന്മറിനു വേണ്ടി പ്രാർത്ഥിക്കൂ എന്ന പ്ലക്കാഡ് ഉയർത്തി വേദിയിൽ നിൽക്കുന്ന തുസറിന്റെ ചിത്രങ്ങൾ വൈറലായി. പട്ടാള ഭരണം മൂലം മ്യാൻമർ ജനത നേരിടുന്ന യാതനകളെപ്പറ്റിയാണ് ആഗോളവേദിയിൽ തുസർ ശബ്ദമുയർത്തിയത്.മത്സരത്തിൽ അവസാന റൗണ്ട് വരെയെത്താൻ സാധിക്കാതിരുന്ന തുസറിന് ബെസ്റ്റ് നാഷണൽ കോസ്റ്റൂമിനുള്ള പുരസ്കാരം ലഭിച്ചു.
മ്യാന്മറിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സൈനിക അതിക്രമത്തിന് ഇരകളായ ചിൻ ജനതയുടെ തദ്ദേശീയ വേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു തുസർ മത്സരത്തിനായി വേഷം തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |