ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ( 56 ) കാമുകി കാരി സിമണ്ട്സും ( 33 ) ശനിയാഴ്ച വിവാഹിതരായി. 56കാരനായ ബോറിസിന്റെ മൂന്നാം വിവാഹമാണിത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് ചടങ്ങ് നടന്നത്. അവസാന നിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന അംഗങ്ങൾക്ക് പോലും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നര മണിയോടെ കത്തീഡ്രൽ അടച്ചു. അരമണിക്കൂറിന് ശേഷം തൂവെള്ള വിവാഹ ഗൗൺ ധരിച്ച് തന്റെ ലിമോസിനിൽ കാരി പള്ളിയിലെത്തി. വെള്ള ഷർട്ടും കറുത്ത കോട്ടും ധരിച്ചാണ് ബോറിസ് എത്തിയത്. ജോൺസൻ അടുത്ത വർഷം ജൂലായ് 22 ന് വിവാഹിതനാകുമെന്ന് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
@ കാരിയുമായുമായുള്ള ബോറിസിന്റെ ബന്ധം വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇരുവർക്കും 2020 ഏപ്രിലിൽ ആണ്‍കുട്ടി ജനിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ മേധാവിയായിരുന്ന കാരി 2012ലെ ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ബോറിസിന്റെ പ്രചാരണ സംഘത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |