മസ്കറ്റ് : ഒമാനില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 20 മുതല്‍ സൗജന്യ വാക്സിന് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, വൃക്ക, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവർക്കാണ് വാക്സിൻ നല്കി വരുന്നത്.
ഖുരിയാത്തിലെ ഒമാന്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററാണ് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നതിനായി ഒരുക്കിയിട്ടുള്ള പ്രധാന കേന്ദ്രം. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയുമായിരിക്കും വാക്സിന് വിതരണം. അവധി ദിവസമായ വെള്ളിയും ശനിയും രാവിലെ ഒന്‍പതിനും വൈകിട്ട് നാലിനും ഇടയിലുള്ള സമയത്ത് വാക്സിന് നല്‍കും. 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന് എടുത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന നിയമം കൊണ്ടു വരാൻ സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |