സിഡ്നി: മാസ്റ്റർ ഷെഫ് ആസ്ട്രേലിയ സീസൺ 13 കിരീടം ഇന്ത്യൻ വംശജനായ ജസ്റ്റിൻ നാരായണൻ സ്വന്തമാക്കി. ഫൈനലിസ്റ്റുകളായ കിഷ്ർവാർ ചൗധരിയെയും പെറ്റ് കാംബലിനെയും പിന്തള്ളിയാണ് ജസ്റ്റിൻ ജേതാവായത്. മാസ്റ്റർഷെഫ് ട്രോഫിയും 250,000 യു.എസ് ഡോളറുമാണ് മത്സരത്തിൽ വിജയിയാകുന്നയാൾക്ക് ലഭിക്കുന്നത്. രണ്ട് ദിവസങ്ങളായി നടന്ന ഫൈനൽ മത്സരത്തിൽ ഒരു പോയിന്റിന്റെ നേരിയ വ്യത്യാസത്തിലാണ് ജസ്റ്റിൻ കിരീടം ചൂടിയത്. മാസ്റ്റർ ഷെഫിൽ ജേതാവാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് ജസ്റ്റിൻ. ജസ്റ്റിന് മുൻപ് 2018 ൽ ഇന്ത്യൻ വംശജനായ ശശി ചേലിയ പരിപാടിയിൽ ഒന്നാമതെത്തിയിരുന്നു.
'നിങ്ങളിൽ വിശ്വസിക്കുന്ന ആളുകളെ കണ്ടെത്തുക. സ്വയം കരുത്തരാകുക, കഠിനാധ്വാനം ചെയ്യുക, അപ്പോൾ നിങ്ങളുടെ വളർച്ചയിൽ നിങ്ങൾ സ്വയം ആശ്ചര്യപ്പെടും! എല്ലാവർക്കും എന്റെ സ്നേഹം. വിജയിയാതിന് ശേഷം 'ജസ്റ്റിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'ഇത് വളരെ മികച്ച ഒരു അനുഭവമാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. 27 കാരനായ ജസ്റ്റിൻ കൂട്ടിച്ചേർത്തു. ഫിജിയൻ - ഇന്ത്യൻ വംശജരാണ് ജസ്റ്റിന്റെ മാതാപിതാക്കൾ.
അതിനാൽ തന്നെ ഫിജിയൻ, ഇന്ത്യൻ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായിരുന്നു ജസ്റ്റിന്റെ പാചകം. ഷോയിൽ പങ്കെടുക്കുമ്പോൾ ചിക്കൻ കറി, പിക്കിൾ സാലഡ്, ഇന്ത്യൻ ചിക്കൻ ടാക്കോസ്, ചാർക്കോൾ ചിക്കൻ , തുടങ്ങി നിരവധി ഇന്ത്യൻ വിഭവങ്ങൾ അവതരിപ്പിച്ച് ജസ്റ്റിൻ വിധികർത്താക്കളെ ആകർഷിച്ചു.
ബ്രിട്ടീഷ് മാസ്റ്റർ ഷെഫ് ടെലിവിഷൻ ഷോയ്ക്ക് സമാനമായി ആരംഭിച്ച 'മാസ്റ്റർ ഷെഫ് ആസ്ട്രേലിയ' ആസ്ട്രേലിയൻ ചാനലായ നെറ്റ് വർക്ക് 10 ലാണ് സംപ്രേക്ഷണം ചെയ്യുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ പാചക വൈദഗ്ധ്യവും പാചകപരീക്ഷണങ്ങളും പ്രകടിപ്പിക്കാനുള്ള വേദിയായി ഈ പരിപാടിയെ കാണുന്നു. 2009 ൽ ആരംഭിച്ച ഷോയുടെ പതിമൂന്നാമത്തെ സീസണാണ് ഇപ്പോൾ പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |