SignIn
Kerala Kaumudi Online
Thursday, 25 April 2024 2.24 PM IST

പതാകയേന്തി ജനം തെരുവിൽ,കൊന്നുതള്ളി താലിബാൻ

afgan

 സ്വാതന്ത്ര്യ ദിനറാലിക്കിടെയുണ്ടായ വെടിവയ്പിൽ നിരവധി മരണം കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് അമ്മമാർ

കാബൂൾ: അഫ്ഗാനിസ്ഥാന്റെ 102-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ ദേശീയ പതാകയേന്തി മാർച്ച് നടത്തിയ ജനക്കൂട്ടത്തിനു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താലിബാൻ ഭീകരർക്കെതിരായ അഫ്ഗാൻ ജനതയുടെ പ്രതിഷേധം ശക്തമാക്കി കാബൂൾ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഫ്ഗാന്റെ ദേശീയ പതാക ഉയർത്തിയിരുന്നു. അതിനിടെ താലിബാൻ ഭീകരതയിൽനിന്ന് കൈക്കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാനുള്ള അമ്മമാരുടെ സാഹസം കരളലിയിക്കുന്ന കാഴ്ചയായി.

കൈക്കുഞ്ഞുങ്ങളെ വിമാനത്താവളത്തിന്റെ മുള്ളുവേലിക്ക് അകത്തെ സൈനികരുടെ കൈകളിലേക്ക് സ്ത്രീകൾ എറിഞ്ഞുകൊടുക്കുന്ന കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് ബ്രീട്ടിഷ് സൈനികർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില കുഞ്ഞുങ്ങൾ മുള്ളുവേലിയിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ചയും ഭയാനകമായിരുന്നു. 'ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു' എന്ന് സ്ത്രീകൾ കേണപേക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. രാജ്യം വിടണമെന്ന് ആഗ്രഹിച്ച്‌ വിമാനത്താവളത്തിലെത്തുന്ന അഫ്ഗാൻ പൗരന്മാരെ താലിബാൻ ഭീകരർ തടയുന്നതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസാദാബാദിൽ നടന്ന സ്വാതന്ത്ര്യദിന റാലിക്കിടെ ഉണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതൽപേർ മരിച്ചത്. മരണസംഖ്യ പുറത്തുവന്നിട്ടില്ല. നിരവധിപേർക്ക് പരിക്കേറ്റു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികാഘോഷം എന്നതിനപ്പുറം, താലിബാനെതിരായ ആദ്യത്തെ പ്രത്യക്ഷ പ്രതിഷേധം എന്ന നിലയിലാണ് സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ ദേശീയപതാകയേന്തി തെരുവിൽ അണിനിരന്നത്. 'നമ്മുടെ പതാക, നമ്മുടെ വ്യക്തിത്വം’ എന്ന മുദ്രാവാക്യവും മാർച്ചിൽ ഉയർന്നു. ചിലയിടത്ത് ജനങ്ങൾ താലിബാൻ പതാക വലിച്ചുകീറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 താലിബാൻ എമിറേറ്റ്സ്

ഇസ്ലാമിക് എമിറേറ്റ്സ് ഒഫ് അഫ്ഗാനിസ്ഥാന്റെ രൂപീകരണം സംബന്ധിച്ച് താലിബാൻ ഇന്നലെ പ്രഖ്യാപനം നടത്തി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാൻ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ താലിബാൻ തള്ളി. ലോകരാജ്യങ്ങളുമായി മികച്ച നയതന്ത്ര-വ്യാപാര ബന്ധമാണ് ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.


വീണുമരിച്ചവരിൽ ഫുട്ബോൾ താരവും

അഫ്ഗാനിസ്ഥാനിൽ നിന്ന് പറന്നുയർന്ന യു.എസ് സൈനിക വിമാനമായ സി - 17യിൽ നിന്ന് വീണു മരിച്ചവരിലൊരാൾ അഫ്ഗാൻ ഫുട്ബോൾ താരമായിരുന്നു. 19കാരനായ സാക്കി അൻവാരിയാണ് മരിച്ചത്. തിങ്കളാഴ്ച ഖത്തറിൽ പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ നിന്ന് അൻവാരിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അഫ്ഗാൻ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അൻവാരി.

അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. താലിബാനുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന." -

എസ്. ജയശങ്കർ,

വിദേശകാര്യ മന്ത്രി

അതിർത്തി തുറന്ന് രാജ്യങ്ങൾ

രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കു മുന്നിൽ ബ്രിട്ടൻ, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നു. അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ച 30,000 പൗരന്മാരെ ടെക്സസിന്റെ വിവിധ ഭാഗങ്ങളിലായി പുനരധിവസിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചു.

അഫ്ഗാനിലെ യു.എസ് സേനയുടെ കവചിത വാഹനങ്ങളിൽ താലിബാൻ പോരാളികൾ റോന്തുചുറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പലായനത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AFGANISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.