ഏതെൻസ്: പ്രശസ്ത ഗ്രീക്ക് സംഗീത സംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് (96) അന്തരിച്ചു.ഹൃദയ്തംഭനത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ചലച്ചിത്രങ്ങൾക്ക് നൽകിയ ടൈറ്റിൽ സ്കോറുകളുടെ പേരിൽ ലോകശ്രദ്ധ നേടിയ അദ്ദേഹം സോർബ ദ ഗ്രീക്ക് , സെഡ്, സെർപികോ എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്കിയതോടെ ലോകപ്രശസ്തരായ സംഗീതജ്ഞരുടെ പട്ടികയിലേക്കുയർന്നു. പാലസ്തീൻ ലിബറേഷൻ ഓർഗനേഷന് വേണ്ടിയും അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. 1925 ജൂലായ് 29 ന് ജനിച്ച തിയോദൊറാക്കിസിന്റെ യഥാർത്ഥ പേര് മൈക്കേൽ തിയോദൊറാക്കിസ് എന്നാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗ്രീസിൽ അധിനിവേശം നടത്തിയ ജർമ്മനിക്കും ഇറ്റലിയ്ക്കും എതിരെ നടന്ന ആഭ്യന്തര കലാപത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ദീർഘകാലം ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം 1981 മുതൽ 1993 വരെ പാർലമെന്റംഗമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി കൈറിയോക്കോസ് മിത്സോതാക്കിസ് അതീവ ദുഖം രേഖപ്പെടുത്തി.തിയോദൊറാക്കിസിനോടുള്ള ആദരസൂചകമായി രാജ്യത്ത് ദേശീയപതാക താഴ്ത്തിക്കെട്ടുകയും ഒരു മിനിറ്റ് നേരം മൗനമാചരിക്കുകയും ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |