SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.02 AM IST

അഗ്നിപർവത സ്ഫോടനം, സുനാമി : ഒറ്റപ്പെട്ട് ടോംഗ

tonga-

വെല്ലിംഗ്ടൺ : അഗ്നിപർവത സ്ഫോടനവും പിന്നാലെ സുനാമിത്തിരയും നേരിട്ട തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിലെ നിലവിലെ സ്ഥിതിവിവരങ്ങൾക്കായി കാതോർത്ത് ലോകം. പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട് കഴിയുകയാണ് ടോംഗ. ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന സജീവ അഗ്നിപർവതത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ സ്ഫോടനമുണ്ടായത്.

പിന്നാലെ നാലടിയോളം ഉയരത്തിലുള്ള സുനാമിത്തിരകൾ ടോംഗയുടെ തീരത്ത് ആഞ്ഞടിക്കുകയായിരുന്നു. ടോംഗയിൽ ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആശയവിനിമയ സംവിധാനങ്ങൾ താറുമാറായതോടെ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് നിർണയിക്കാനായിട്ടില്ല. അതേ സമയം, ടോംഗയിലെ സുനാമിത്തിരയിൽപ്പെട്ട് ഒരു ബ്രിട്ടീഷ് യുവതി മരിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ടോംഗയിലെ അഗ്നിപർവത സ്ഫോടന ഫലമായി പസഫിക് തീരങ്ങളിൽ ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ടോംഗയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ന്യൂസിലൻഡും ഓസ്ട്രേലിയയും നിരീക്ഷണ വിമാനങ്ങൾ അയച്ചിട്ടുണ്ട്. ഇന്റർനെറ്റ്, ടെലിഫോൺ ആശയവിനിമയ സംവിധാനങ്ങൾ പരിമിതമായിരുന്ന ടോംഗയിലെ തീരപ്രദേശങ്ങളിൽ അഗ്നിപർവത സ്ഫോടനത്തിനും സുനാമിയ്ക്കും പിന്നാലെ അവ പൂർണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സമുദ്രത്തിനടിയിലൂടെയുള്ള ഒരു ഇന്റർനെറ്റ് കേബിളും തകരാറിലായി.

അതേ സമയം, അഗ്നിപർവത സ്ഫോടന ഫലമായി ടോംഗയിൽ വലിയ അളവിൽ ചാരം പതിച്ചത് കുടിവെള്ള സ്രോതസുകളും വായുവും മലിനമാക്കിയിരിക്കാമെന്ന ആശങ്കകൾ ഉയരുന്നുണ്ട്. ഇന്നലെയും ഹംഗ - ടോംഗ അഗ്നിപർവതത്തിൽ തീവ്രത കുറഞ്ഞ സ്ഫോടനം റിപ്പോർട്ട് ചെയ്തു. നാല് ദിവസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ്. സുനാമിയ്ക്ക് കാരണമായ സ്ഫോടനം ഭൂമിയിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഒരു അഗ്നിപർവതത്തിൽ സംഭവിച്ച ഏറ്റവും വലിയ പൊട്ടിത്തെറിയാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഗ്നിപർവതം ആദ്യം പൊട്ടിത്തെറിച്ചത്. പിന്നാലെ ശനിയാഴ്ച വൈകിട്ട് 5.26 ഓടെ സംഭവിച്ച രണ്ടാമത്തെ സ്ഫോടന ഫലമായി 5.30ന് ടോംഗയുടെ തലസ്ഥാനമായ നുകുഅലോഫയ്ക്ക് സമീപം 4 അടിയോളം ഉയരത്തിൽ സുനാമിത്തിരയടിച്ചതായി ഓസ്ട്രേലിയൻ ബ്യൂറോ ഒഫ് മെറ്ററോളജി അറിയിക്കുകയായിരുന്നു. 700,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ചിതറിക്കിടക്കുന്ന 170 ചെറു ദ്വീപുകൾ കൂടിച്ചേരുന്നതാണ് ടോംഗ. ഏകദേശം 100,000 ജനങ്ങളാണ് ടോംഗയിൽ ജീവിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ടോംഗാറ്റപു ദ്വീപിലാണ് ജീവിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.