SignIn
Kerala Kaumudi Online
Thursday, 25 April 2024 7.37 AM IST

' യുക്രെയിനിലെ ലാബുകൾ, പിന്നിൽ അമേരിക്ക, ലക്ഷ്യം ജൈവായുധമോ ? " ആരോപണവുമായി റഷ്യ

biolab

മോസ്കോ : യുക്രെയിനിൽ 30 ബയോളജിക്കൽ ലബോറട്ടറികൾ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യൻ മിലിട്ടറി രംഗത്ത്. ഈ ലബോറട്ടറികൾ ജൈവായുധ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായി സംശയിക്കുന്നുവെന്ന് റഷ്യൻ സായുധസേനയുടെ റേഡിയേഷൻ, കെമിക്കൽ ആൻഡ് ബയോളജിക്കൽ ഡിഫൻസ് തലവൻ ഈഗർ കിറിലോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

' യുക്രെയിൻ ഉൾപ്പെടെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിൽ യു.എസിന്റെ പെന്റഗൺ നടപ്പാക്കുന്ന സൈനിക ജൈവ പദ്ധതികളിലേക്ക് റഷ്യൻ പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. യുക്രെയിനിൽ 30 ലേറെ ലാബുകളുടെ ശൃംഖലയാണ് രൂപീകരിച്ചിട്ടുള്ളത്. ഇവയെ ഗവേഷണം, സാനിറ്ററി എപ്പിഡെമിയോളജിക്കൽ എന്നിങ്ങനെ വിഭജിക്കാം. " ഈഗർ പറഞ്ഞു.

പെന്റഗണിന്റെ ഡിഫൻസ് ത്രെറ്റ് റിഡക്ഷൻ ഏജൻസി ( ഡി.റ്റി.ആർ.എ ) ഈ പദ്ധതിയുടെ ഭാഗമാണെന്ന് ഈഗർ ആരോപിച്ചു. മൂന്ന് പ്രാഥമിക മേഖലകളിലായാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഈഗർ അവകാശപ്പെട്ടു.

' ആദ്യത്തേത് നാറ്റോ അംഗരാജ്യങ്ങളിലെ സൈനിക സംഘങ്ങളെ വിന്യസിക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിലെ ജൈവ സാഹചര്യം നിരീക്ഷിക്കുകയെന്നതാണ്. രണ്ടാമത്തേത് അപകടകരമായ സൂഷ്മജീവികളുടെ ശേഖരണവും അവയെ യു.എസിലേക്ക് കൈമാറുന്നതുമാണ്. മൂന്നാമത്തേത് ഒരു നിർദ്ദിഷ്ട പ്രദേശത്ത് അപൂർവമായതും മനുഷ്യരിലേക്ക് പടരാനിടയുള്ളതുമായ ജൈവായുധ ഏജന്റുകളെ സംബന്ധിച്ച ഗവേഷണങ്ങളാണ് ' ഈഗർ പറഞ്ഞു.

ഇത് സംബന്ധിച്ച ഉദാഹരണങ്ങളിലേക്കും ഈഗർ വിരൽചൂണ്ടി. ' 2021 മുതൽ ' ഡയനോസ്റ്റിക്സ്, സർവൈലൻസ് ആൻഡ് പ്രിവെൻഷൻ ഒഫ് സൂനോട്ടിക് ഡിസീസസ് ഇൻ ആംഡ് ഫോഴ്സസ് ഒഫ് യുക്രെയിൻ" എന്ന പദ്ധതി 11.8 ദശലക്ഷം ഡോളർ ഫണ്ടോടെ പെന്റഗൺ നടത്തി വരുന്നു. 2020 -2021 കാലയളവിൽ കോംഗോ - ക്രൈമിയൻ ഹെമറജിക് രോഗകാരികളെ സംബന്ധിച്ച് യുക്രെയിനിൽ ജർമ്മൻ പ്രതിരോധ മന്ത്രാലയം ഒരു പഠനം നടത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ ബാഹ്യഅതിർത്തികളിൽ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ജർമ്മൻ - യുക്രെയിനിയൻ പഠനത്തിന്റെ ഭാഗമായി പനി, മെനിഞ്ചൈറ്റിസ്, ഹാന്റാവൈറസ് എന്നിവയും മാറി.

കൊറോണ വൈറസ് ബാധയുടെ ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള പരിശോധനാ മാർഗങ്ങളുടെ പേരിൽ യുക്രെയിനിൽ ആയിരക്കണക്കിന് സ്രവ സാമ്പിളുകൾ രോഗികളിൽ നിന്ന്, പ്രത്യേകിച്ചും സ്ലാവിക് വംശജരിൽ നിന്നും ശേഖരിച്ച് യു.എസ് ആർമിയുടെ വാൾട്ടർ റീഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി " ഈഗർ പറയുന്നു.

അതേ സമയം, ഫെബ്രുവരി 24ന് യുക്രെയിനിലെ ബയോലാബിൽ സൂക്ഷിച്ചിരുന്ന രോഗാണുക്കളെ യുക്രെയിൻ അടിയന്തിരമായി നശിപ്പിച്ചെന്ന് ചില റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് - യുക്രെയിൻ ജൈവ ഗവേഷണ പദ്ധതികളുടെ തെളിവുകൾ നശിപ്പിക്കാൻ യുക്രെയിൻ ഭരണകൂടം ശ്രമിച്ചെന്നും ഈ റിപ്പോട്ടുകളിൽ പറയുന്നു. യുക്രെയിനിൽ യു.എസ് ജൈവായുധ ഗവേഷണങ്ങൾ നടത്തുന്നതായി റഷ്യ നേരത്തെയും ആരോപിച്ചിട്ടുണ്ട്.

അതേ സമയം, റഷ്യൻ ആരോപണങ്ങളോട് യുക്രെയിനോ യു.എസോ പ്രതികരിച്ചിട്ടില്ല. റഷ്യ മുമ്പും ഇത്തരം വ്യാജ ആരോപണങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നാണ് യു.എസ് വിദഗ്ദ്ധരുടെ അഭിപ്രായം. യുക്രെയിനിലെ പൊതുജനാരോഗ്യ ലബോറട്ടറികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുകയാണ് യു.എസ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് റഷ്യ അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നു.

 ജൈവായുധം

ആണവായുധങ്ങളെ ലോകം ഭയത്തോടെയാണ് കാണുന്നത്. അതുപോലെ തന്നെയാണ് ജൈവായുധങ്ങളും. ജൈവായുധത്തെ ' വെപ്പൺ ഒഫ് മാസ് ഡിസ്ട്രക്ഷൻ " എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, മാനവരാശിയ്ക്ക് തന്നെ കൊടുംവിപത്തുകൾ സൃഷ്ടിക്കാൻ കഴിയുന്ന വിനാശകാരികളാണ് മാസ് ഡിസ്ട്രക്ഷൻ വെപ്പണുകൾ. രാസായുധങ്ങൾ, ആണവായുധങ്ങൾ, റേഡിയോളജിക്കൽ ആയുധങ്ങൾ തുടങ്ങിയവയും ഈ വിഭാഗത്തിൽപ്പെടുന്നു. ആന്ത്രാക്സ്, വസൂരി, എബോള, ഡെങ്കി തുടങ്ങി അപകടകാരികളായ പല രോഗങ്ങൾക്കും ഹേതുവായ വൈറസുകൾ ജൈവായുധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

 എന്ത് ?

ബാക്ടീരിയ, വൈറസ് തുടങ്ങിയവ ഉപയോഗിച്ച് മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന യുദ്ധതന്ത്രമാണ് ജൈവായുധ പ്രയോഗം. മനുഷ്യരാശിയെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള അത്യന്തം അപകടകാരികളായ പല വൈറസുകളും ബാക്ടീരിയകളും റഷ്യയിലടക്കം രഹസ്യലാബുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 എത്ര തരം ?

ഏതൊരു ആയുധത്തെ പോലെ തന്നെയും ജൈവായുധത്തിനും ഒരു ടാർഗറ്റ് നിശ്ചയിക്കുന്നു. ഈ ടാർഗറ്റ് ഒരു വ്യക്തിയോ അല്ലെങ്കിൽ നിശ്ചിത സമൂഹമോ ആകാം. മനുഷ്യർക്ക് മാത്രമല്ല, മറ്റു ജന്തുക്കൾക്കും സസ്യങ്ങൾക്കും ദോഷം ചെയ്യാൻ ഈ ജൈവായുധങ്ങൾ ഉപയോഗിക്കം. ജൈവായുധങ്ങളെ അതിന്റെ തീവ്രത അനുസരിച്ച് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ തരംതിരിച്ചിരിക്കുന്നത് ഇങ്ങനെ ;

1. കാറ്റഗറി A - അത്യന്തം വിനാശകാരി. വ്യാപനശേഷിയും മരണനിരക്കും കൂടുതൽ. ഫലപ്രദമായ പ്രതിവിധി പ്രയോഗിക്കപ്പെടുന്നവരുടെ പക്കൽ ഉണ്ടാകണമെന്നില്ല

2. കാറ്റഗറി B - കാറ്റഗറി Aയേക്കാൾ അപകടം കുറഞ്ഞത്. മനുഷ്യരിൽ വേഗത്തിൽ വ്യാപിക്കാനുള്ള കഴിവ്

3. കാറ്റഗറി C - മറ്റ് രണ്ട് വിഭാഗങ്ങളെയും അപേക്ഷിച്ച് തീവ്രതയും മരണ നിരക്കും കുറവ്

 നിസാരക്കാരല്ല !

കാറ്റഗറി Aയിലെ ഭീകരർ

1. ബാസിലസ് ആന്ത്രാസിസ്

നൂറു വർഷം പഴക്കമുള്ള ജൈവായുധം. മണമോ രുചിയോ ഇല്ല. അദൃശ്യം. ജൈവായുധ ശ്രേണിയിൽ ഏറ്റവും പ്രമുഖർ. ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്നു. പൊടി, ആഹാരം, ജലം എന്നിവയിലൂടെ കടത്തിവിടുന്നു. 2001ൽ പൊടിയുടെ രൂപത്തിലുള്ള ആന്ത്രാക്സ് വൈറസ് അടങ്ങിയ കത്തുകൾ യു.എസ് പോസ്റ്റൽ സർവീസിന് ലഭിച്ചിരുന്നു. 22 പേർക്ക് വൈറസ് ബാധ ഉണ്ടാവുകയും അതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു.

2. ബോട്ടുലിനം ടോക്സിൻ

ശക്തിയേറിയവ. ഉത്പാദിപ്പിക്കാൻ താരതമ്യേന എളുപ്പം. എയറോസോൾ വഴിയോ മാലിന്യത്തിലൂടെയോ ഇവ പ്രയോഗിക്കുന്നു. ഒരു ഗ്രാം ബോട്ടുലിനം ടോക്സിന് ഒരു ലക്ഷത്തിലേറെ പേരുടെ ജീവൻ അപകടത്തിലാക്കാനാകും. C ബോട്ടുലിനം ടോക്സിനുകൾ നാഡീ ഞരമ്പുകളെ ബാധിക്കുന്നു. ഇവ മനുഷ്യ ശരീരത്തെ എന്നന്നേക്കുമായി തളർത്തിക്കളയുന്നു. മഞ്ചൂരിയൻ അധിനിവേശത്തിൽ തടവുകാർക്ക് നേരെ ജപ്പാൻ ഇത് പ്രയോഗിച്ചതായി പറയപ്പെടുന്നുണ്ട്.

3. എബോള

നമുക്ക് സുപരിചമായ വൈറസ്. സമീപകാലത്ത് ആഫ്രിക്കയിൽ ഈ വൈറസുകളുടെ സ്വാഭാവിക വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. മരണനിരക്ക് വളരെയേറെ കൂടിയ എബോള വൈറസുകളുടെ വ്യാപനം ജീവികളിലൂടെയാണ്. 1976ൽ കോംഗോയിലാണ് ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്. എബോള വൈറസിനെ ഇതേ വരെ ഏതെങ്കിലും രാജ്യം പ്രയോഗിച്ചിട്ടുണ്ടോ എന്നറിവില്ല. അതേസമയം, സോവിയറ്റ് യൂണിയൻ എബോള വൈറസുകളെ ഉപയോഗിച്ച് തങ്ങളുടെ ജൈവായുധ പദ്ധതിയുടെ ഭാഗമായ പഠനങ്ങൾ നടത്തിയിരുന്നു.

4. വേരിയോള മേജർ ( വസൂരി )

വസൂരി വൈറസുകൾ എത്രത്തോളം ഭയാനകമാണെന്ന് നമുക്കറിയാം. വാക്സിനേഷനിലൂടെ ലോകത്ത് നിന്ന് ഇവയെ തുടച്ചുനീക്കാൻ കഴിഞ്ഞു. ഇവയെ റെഡ് ഇന്ത്യക്കാർക്കെതിരെയും അമേരിക്കൻ റെവല്യൂഷണറി വാറിലും ഉപയോഗിച്ചതായി അഭ്യൂഹമുണ്ട്. 1980ൽ വൻതോതിൽ വസൂരി വൈറസുകളെ നിർമിച്ച് ശീതികരിച്ച് സൂക്ഷിക്കാനുള്ള പദ്ധതി സോവിയറ്റ് യൂണിയൻ തയാറാക്കിയിരുന്നു. ഇന്ന് ലോകത്ത് ഔദ്യോഗികമായി രണ്ട് ലാബുകളിലാണ് ഈ വൈറസുകളെ സൂക്ഷിച്ചിട്ടുള്ളത്. റഷ്യയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്, അറ്റ്ലാൻഡയിലെ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ എന്നിവയാണത്.

 എപ്പോഴാണ് ജൈവായുധങ്ങൾ പ്രയോഗിക്കപ്പെടുന്നത് ?

രണ്ടാം ലോകമഹായുദ്ധ സമയത്താണ് ജൈവായുധ പ്രയോഗം സംബന്ധിച്ച പരീക്ഷണങ്ങൾ ശക്തമായത്. പല രാജ്യങ്ങളും രഹസ്യമായാണ് തങ്ങളുടെ പരീക്ഷണവുമായി മുന്നോട്ട് പോയത്. ജർമനി ജൈവായുധങ്ങൾ നിർമിക്കുന്നുവെന്നറിഞ്ഞപ്പോൾ അമേരിക്കയും അതിനെതിരായി പരീക്ഷണങ്ങൾ ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ നടത്തിയ ജൈവായുധ പ്രയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരം.

ആയിരക്കണക്കിന് ചൈനക്കാരെ ജപ്പാന്റെ ആന്ത്രാക്സ്, പ്ലേഗ്, കോളറ തുടങ്ങിയ ജൈവായുധങ്ങൾ കൊന്നൊടുക്കിയതായി പറയപ്പെടുന്നു. നിലവിൽ അന്താരാഷ്ട്രതലത്തിൽ ജൈവായുധങ്ങളുടെ ഉപയോഗം കർശനമായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ജൈവായുധ പ്രയോഗം ഒരു കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. എന്നാൽ, ഇവ സംബന്ധിച്ച രഹസ്യ ഗവേഷണങ്ങൾ റഷ്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.