SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 AM IST

ലിവീവിൽ വിമാനത്താവളത്തിനരികെ റഷ്യൻ മിസൈൽ ആക്രമണം

ukraine

കീവ് : നാറ്റോ രാജ്യമായ പോളണ്ടിന്റെ പടിവാതിലിനരികെയുള്ള പടിഞ്ഞാറൻ യുക്രെയിനിലെ ലിവീവിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. യുദ്ധം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് റഷ്യയുടെ ആക്രമണം.

പോളിഷ് അതിർത്തിയിൽ നിന്നുള്ള 70 കിലോമീറ്റർ അകലെയുള്ള ലിവീവിലെ വിമാനത്താവളത്തിന് സമീപം ഇന്നലെ രാവിലെ റഷ്യൻ മിസൈൽ ആക്രമണം നടന്നു. വിമാനത്താവളത്തിന് അപകടം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ലിവീവിലെ എയർക്രാഫ്റ്റ് റിപ്പെയർ പ്ലാന്റാണ് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കരിങ്കടലിന്റെ ദിശയിൽ നിന്നാണ് റഷ്യൻ ക്രൂസ് മിസൈലുകൾ ലിവീവിലെ എയർക്രാഫ്റ്റ് റിപ്പെയർ പ്ലാന്റിനെ ലക്ഷ്യമാക്കിയെത്തിയത്. കെഎച്ച് - 555 വിഭാഗത്തിൽപ്പെട്ടവയാണ് ഈ മിസൈലുകളെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച ലിവീവിൽ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു.

കീവിൽ ഇന്നലെ റെസിഡൻഷ്യൽ ബിൽഡിംഗിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. കീവിൽ അധിനിവേശം തുടങ്ങിയനാൾ മുതൽ 60 സിവിലിയൻമാർ ഉൾപ്പെടെ 222 പേർ കൊല്ലപ്പെട്ടെന്ന് അധികൃതർ പറഞ്ഞു. ഇതിൽ 4 കുട്ടികളുമുണ്ട്. കീവിന്റെ വടക്കൻ മേഖലകളിലും വ്യാപക സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ നഗരമായ ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ ബഹുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ക്രാമറ്റോർസ്കിലെ ഷെല്ലാക്രമണത്തിൽ 2 പേർ മരിച്ചെന്നും 6 പേർക്ക് പരിക്കേറ്റെന്നും യുക്രെയിൻ എമർജൻസി സർവീസ് അറിയിച്ചു. ശക്തമായ ഷെല്ലിംഗിനിടെ കിഴക്കൻ ലുഹാൻസ്കിൽ സിവിലിയൻമാരുടെ ഒഴിപ്പിക്കൽ തടസപ്പെട്ടു.

റഷ്യൻ ഷെല്ലാക്രമണത്തിനിടെ ഖാർക്കീവിലെ ബാറബാഷൊവോ മാർക്കറ്റിൽ അഗ്നിബാധയുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ തീഅണയ്ക്കുന്നതിനിടെയിലും റഷ്യൻ മിസൈലുകൾ ഇവിടെ പതിച്ചെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ബുധനാഴ്ച റഷ്യൻ ആക്രമണത്തിൽ തകർന്ന മരിയുപോളിലെ തിയേറ്ററിൽ നിന്ന് 130 പേരെ രക്ഷപെടുത്തി. തിയേറ്റർ പുനർനിർമ്മാൻ സഹായിക്കുമെന്ന് ഇറ്റലി അറിയിച്ചു. റഷ്യൻ സായുധസേനയുടെ സഹായത്തോടെ കിഴക്കൻ യുക്രെയിനിലെ വിഘടനവാദികൾ തുറമുഖ നഗരമായ മരിയുപോളിൽ കുരുക്ക് മുറുക്കുകയാണ്. ദിനവും 50 മുതൽ 100 ബോംബുകൾ വരെയാണ് റഷ്യൻ സേന മരിയുപോളിൽ നിക്ഷേപിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടം ആരോപിച്ചു.

അതേ സമയം, അമേരിക്കൻ പൗരനായ ജിമ്മി ഹിൽ ( 68 ) എന്ന യുഎസ് പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ചെർണീവിൽ ഭക്ഷണം വാങ്ങാനായി ക്യൂ നിൽക്കവെയാണ് സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം റഷ്യൻ സേനയുടെ വെടിയേറ്റ് മരിച്ചതെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 യുക്രെയിനിയൻ നടി കൊല്ലപ്പെട്ടു

കീവ് : യുക്രെയിനിലെ പ്രമുഖ നടിയായ ഒക്‌സാന ഷ്വെറ്റ്സ് ( 67 ) കീവിൽ നടന്ന റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിലെ റെസിഡൻഷ്യൽ ബിൽഡിംഗിന് നേരെ നടന്ന ആക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടതെന്ന് യുക്രെയിനിലെ യംഗ് തിയേറ്റർ ഗ്രൂപ്പ് അറിയിച്ചു. യുക്രെയിനിയൻ മാദ്ധ്യമമായ കീവ് പോസ്റ്റും ഒക്സാനയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ' ദ സീക്രട്ട് ഒഫ് സെന്റ് പാട്രിക്", ' ദ റിട്ടേൺ ഒഫ് മഖ്‌തർ " തുടങ്ങിയ ഒക്സാന ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്.

 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി ബാൾട്ടിക് രാജ്യങ്ങൾ

ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ മൂന്നും ലാത്വിയ, എസ്റ്റോണിയ എന്നീവ മൂന്നും വീതം റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പത്ത് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ബൾഗേറിയയും തീരുമാനിച്ചു. 11 റഷ്യൻ ബാങ്കുകൾക്കും കോടീശ്വരന്മാർക്കും കൂടി ഓസ്ട്രേലിയ ഉപരോധം ഏർപ്പെടുത്തി.

റഷ്യൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള ടിവി ചാനലായ ആർ.ടിയുടെ പ്രക്ഷേപണ ലൈസൻസ് റദ്ദാക്കിയ യു.കെയുടെ തീരുമാനം ' ഭ്രാന്താ"ണെന്ന് ക്രെംലിൻ പ്രതികരിച്ചു.

14,200 റഷ്യൻ സൈനികർ ഇതുവരെ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, റഷ്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. 52 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 700ലേറെ സിവിലിയൻമാർ യുക്രെയിനിൽ ഇതുവരെ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 32 ലക്ഷം പേർ പാലായനം ചെയതു. ഫെബ്രുവരി 24 മുതൽ 20 ലക്ഷം അഭയാർത്ഥികളാണ് യുക്രെയിനിൽ നിന്ന് പോളണ്ടിലേക്ക് കടന്നത്.

റഷ്യയുടെ 7 വിമാനങ്ങളും ഒരു ഹെലികോപടറും 3 ഡ്രാണുകളും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിൻ സേന അറിയിച്ചു. അതേ സമയം, യുക്രെയിന്റെ ഡോൺബാസ് മേഖലയ്ക്ക് മുകളിൽ റഷ്യ വ്യോമ നിരോധന മേഖല പ്രഖ്യാപിച്ചതായി ഡൊണസ്ക് പീപ്പിൾസ് റിപ്പബ്ലിക്ക് അധികൃതർ പറയുന്നു.

പുട്ടിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ' കൊലപാതക സ്വേച്ഛാധിപതി"യെന്ന് അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയ്ക്ക് വ്യാപാര രംഗത്ത് നൽകിവന്ന അഭിമത രാഷ്ട്ര പദവി റദ്ദാക്കാനുള്ള നിയമനിർമാണത്തിന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകി. അടുത്താഴ്ചയോടെ സെനറ്റിലും ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയേയും യുക്രെയിൻ ജനതയേയും 2022ലെ സമാധാന നോബലിന് നാമനിർദ്ദേശം ചെയ്യണമെന്ന് അഭ്യർത്ഥനയുമായി യൂറോപ്യൻ നേതാക്കൾ. നെതർലൻഡ്സ്, ബ്രിട്ടൺ, ജർമ്മനി, സ്വീഡൻ, എസ്റ്റോണിയ, ബൾഗേറിയ, റൊമേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നു 36 രാഷ്ട്രീയ നേതാക്കൾ ഇത് സംബന്ധിച്ച കത്തിൽ ഒപ്പിട്ടു. ജനുവരി 31ന് അവസാനിച്ച് നാമനിർദ്ദേശ സമയം മാർച്ച് 31 വരെ നീട്ടണമെന്നും ഇവർ പറഞ്ഞു.

 യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗുമായി ഇന്നലെ ടെലിഫോൺ സംഭാഷണം നടത്തി. യുക്രെയിനിലെ സംഭവവികാസങ്ങൾ ആരുടെയും താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഷീ ബൈഡനോട് പറഞ്ഞു. റഷ്യയ്ക്ക് സൈനിക സഹായം നൽകരുതെന്ന് ചൈനയ്ക്ക് ബൈഡന്റെ മുന്നറിയിപ്പ്.

 ക്രൈമിയ പിടിച്ചെടുത്തതിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുത്തു. വേദിയിലുണ്ടായിരുന്ന ആയിരക്കണക്കിന് റഷ്യക്കാർക്ക് മുന്നിൽ യുക്രെയിനിൽ തങ്ങൾ നടത്തുന്ന ' പ്രത്യേക സൈനിക നടപടി"യെ പുട്ടിൻ പ്രശംസിച്ചു.

 യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മാർച്ച് 23ന് ജപ്പാനീസ് പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യും

 ബുധനാഴ്ച മരിയുപോളിൽ റഷ്യൻ സേന തകർത്ത തിയേറ്ററിന്റെ ബേസ്മെന്റിൽ 1,300 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.