SignIn
Kerala Kaumudi Online
Friday, 19 April 2024 5.54 PM IST

ആശങ്കയിൽ ലോകം, ചെർണോബിൽ ലബോറട്ടി തകർത്ത് റഷ്യ ഒൻപത് രക്ഷാ ഇടനാഴികൾ വഴി ഒഴിപ്പിക്കൽ

v

കീവ്: ചെണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി റഷ്യൻ സൈന്യം തകർത്തു.

യുക്രെയിൻ സ്‌റ്റേറ്റ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചു. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകർന്നത് വൻ ആശങ്കയാണ് ഉയത്തുന്നത്.

റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകൾ റഷ്യ തട്ടിയെടുത്തെന്നും ഏജൻസി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച പുതിയ ലാബാണിത്.

അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന സംവിധാനങ്ങൾ പൂർണമായും നിലച്ചതായി യുക്രെയിന്റെ ന്യൂക്ലിയർ റെഗുലേറ്ററി ഏജൻസി അറിയിച്ചിരുന്നു.

യുറോപ്യൻ കമ്മിഷന്റെ പിന്തുണയോടെ 2015ൽ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവർത്തനസജ്ജമാക്കിയത്. 1986ൽ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന് ശേഷമാണ് ലാബ് പുനർനിർമ്മിച്ചത്.

അതേസമയം, വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ റഷ്യയുമായി യുക്രെയിൻ ധാരണയിലെത്തിയതായി റിപ്പോർട്ട്. ഒൻപത് രക്ഷാ ഇടനാഴികൾ വഴിയാണ് ആളുകളെ ഒഴിപ്പിക്കുന്നതെന്ന് യുക്രെയിൻ ഉപ പ്രധാനമന്ത്രി ഇറിന വെരേഷ്ചുക് പറഞ്ഞു. മരിയുപോളിൽ രക്ഷാ ഇടനാഴി ഉണ്ടാകില്ലെന്നാണ് വിവരം. എന്നാൽ, മരിയുപോളിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് ബേർഡിയാൻസ്കിൽ ഗതാഗതം ലഭ്യമാകുമെന്നും അവർ വ്യക്തമാക്കി.

ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേർ മരിയുപോളിൽ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. ജപ്പാൻ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ലുഹാൻസ്കിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി റഷ്യ പ്രാദേശിക വെടിനിറുത്തിലിന് സമ്മതിച്ചെന്ന് ലുഹാൻസ്ക് മേയർ അറിയിച്ചു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തൽ നിലവിൽ വന്നത്. എന്നാൽ, ലുഹാൻസ്കിൽ നടന്ന ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികളടക്കം മൂന്നുപേ‌ർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

അതിനിടെ, ഏപ്രിൽ അവസാനം ആകുമ്പോഴേക്കും റഷ്യയുടെ അധിവേശത്തിന് ഏറെക്കുറെ അന്ത്യമാകുമെന്ന് യുക്രെയിൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലേക്സൈ അരസ്റ്റോവിച്ച് പറഞ്ഞു. പലയിടങ്ങളിലേയും റഷ്യൻ ആധിപത്യത്തിന് അന്ത്യമാവുകയാണ്. റഷ്യൻ സൈന്യത്തിലെ 40 ശതമാനത്തോളം പേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

@ കീവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു

@ പ്രശസ്ത യുക്രെയിൻ ഫോട്ടോ ജേർണലിസ്റ്റ് മാക്സിൻ ലെവിനെ കാണാതായി. റഷ്യൻ സേന തട്ടിക്കൊണ്ട് പോയതാണെന്ന് അഭ്യൂഹം.

@തടവിലിട്ടിരുന്ന യുക്രെയിൻ ജേർണലിസ്റ്റ് വിക്ടോറിയ റോസ്ഷിന, പ്രാദേശിക ഉദ്യോഗസ്ഥനായ സെർഹി കിരിച്കോ എന്നിവരെ റഷ്യൻ സൈന്യം വിട്ടയച്ചു.

@ ചെർണീവിൽ മാത്രം ദിനവും 40 പേരുടെ സംസ്കാരമാണ് നടത്തുന്നതെന്ന് മേയർ വ്ലാഡിസ്ലാവ് അട്രോഷെങ്കോ. ജനവാസകേന്ദ്രങ്ങളേയും സ്കൂളുകളേയും റഷ്യ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

@ നിലനിൽപ്പിന് ഭീഷണി വന്നാൽ ആണവയുദ്ധം

യുക്രെയിനിൽ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങൾക്കും ആശങ്കൾക്കും മറുപടിയുമായി റഷ്യ. നിലവിൽ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം യുക്രെയിനിൽ ഇല്ലെന്നും റഷ്യയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദിമിത്രിയുടെ പ്രസ്‌താവനയെ അപകടകരം എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ജോൺ കിർബി വിശേഷിപ്പിച്ചത്. ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തതോടെയുള്ള മറുപടിയാണ് റഷ്യ നൽകേണ്ടിയിരുന്നതെന്നും യു.എസ് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കിർബി പ്രതികരിച്ചു.

@ ചാരപ്രവർത്തനം, റഷ്യൻ ഉദ്യോഗസ്ഥരെ പോളണ്ട് പുറത്താക്കി.

ചാരപ്രവർത്തനം നടത്തിയതിന് 45 റഷ്യൻ നതന്ത്ര ഉദ്യോഗസ്ഥരെ പോളണ്ട് പുറത്താക്കി. പോളണ്ടിന്റെ ചാരസംഘടനയായ എ.ബി.ഡബ്ലിയു ആണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ചാരവൃത്തി ആരോപിച്ച് ഒരു പോളിഷ് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RUSSIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.