SignIn
Kerala Kaumudi Online
Friday, 19 April 2024 3.03 PM IST

ആണവ യുദ്ധമുണ്ടായാൽ പുട്ടിനുമായി പറക്കും..റഷ്യയുടെ ഡൂംസ്ഡേ !

doomsday

മോസ്കോ: യുക്രെയിനെ എളുപ്പത്തിൽ കീഴടക്കാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. ഒരു മാസം പിന്നിട്ടിട്ടും യുക്രെയിൻ ശക്തമായ ചെറുത്തുനിൽപ് നടത്തുന്നത് റഷ്യയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ ഉപരോധങ്ങളിലൂടെ ഒറ്റപ്പെടുത്തിയതോടെ സാമ്പത്തിക രംഗത്ത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ഇതോടെ അവസാനത്തെ അടവായ ആണവായുധം യുക്രെയിനിൽ റഷ്യ പരീക്ഷിച്ചേക്കുമോ എന്ന ഭീതി ലോകത്തെ അലട്ടുകയാണ്. യുക്രെയിനിൽ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത ഉയരുന്നതായി ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഏതെങ്കിലും തരത്തിലെ ഒരു ആണവയുദ്ധത്തിന് ലോകം വേദിയായാൽ തങ്ങളുടെ രാഷ്ട്രത്തലവൻമാരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും സുരക്ഷിതരാക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന സംവിധാനമുള്ള രണ്ട് രാജ്യങ്ങൾ മാത്രമാണുള്ളത്; റഷ്യയും യു.എസും. ആണവ യുദ്ധത്തെ അതിജീവിക്കാൻ ശേഷിയുള്ള രണ്ട് വിമാനങ്ങളാണ് ആ സുരക്ഷിത സ്ഥാനങ്ങൾ. യു.എസിന് ബോയിംഗ് ഇ - 4 വിമാനമുണ്ടെങ്കിൽ റഷ്യയുടെ പക്കലുള്ളത് കരുത്തുറ്റ ഇല്യൂഷിൻ IL - 80 വിമാനമാണ്.

റഷ്യൻ വ്യോമസേനയുടെ കൈവശം നിലവിൽ ആണവയുദ്ധത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള നാല് ഇല്യൂഷിൻ IL - 80 വിമാനങ്ങളുണ്ട്. 1980കളിലാണ് ' ഡൂംസ്ഡേ " വിമാനം എന്ന് വിശേഷിപ്പിക്കുന്ന ഇല്യൂഷിനുകളെ വികസിപ്പിച്ചത്. ആണവ പോരാട്ടങ്ങൾ സംഭവിച്ചാൽ റഷ്യൻ പ്രസിഡന്റിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സൈനിക മേധാവികളെയും അവിടെ നിന്ന് മാറ്റാനും സേനകൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ വിമാനത്തിനുള്ളിൽ നിന്ന് കൈമാറാനും അനുയോജ്യമായ തരത്തിലാണ് ഇതിന്റെ രൂപകല്പന. ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പറക്കാനും ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനും ഇവയ്ക്ക് സാധിക്കും.

ഡൂംസ്ഡേ വിമാനങ്ങൾക്ക് സൈനിക എയർഫീൽഡിനെ കൂടാതെ സിവിൽ എയർഫീൽഡിൽ നിന്നും ടേക്ക് ഓഫ് ചെയ്യാനുള്ള കഴിവുണ്ട്. വളരെ ശക്തിയേറിയ എഞ്ചിനും ദിവസങ്ങളോളം വായുവിൽ തുടരാനുള്ള കഴിവും ഡൂംസ്ഡേ വിമാനങ്ങൾക്കുണ്ട്.

ഇല്യൂഷിൻ IL - 80 ഡൂംസ്ഡേ വിമാനത്തെ പറ്റിയുള്ള നിരവധി വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. കാരണം, അതീവരഹസ്യ സ്വഭാവമുള്ളതിനാൽ ഡൂംസ്ഡേ വിമാനങ്ങളെ സംബന്ധിച്ച നിർണായക വിവരങ്ങൾ റഷ്യൻ ഗവൺമെന്റിന്റ് പുറത്തുവിടില്ല.

1985ലാണ് ഡൂംസ്ഡേ ആദ്യമായി പറന്നത് എന്ന് കരുതുന്നു. എന്നാൽ 1987ലാണ് ഇവ റഷ്യൻ വ്യോമസേനയുടെ ഭാഗമായത്. 1992ലാണ് ഡൂംസ്ഡേ ആദ്യമായി പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെട്ടത്. ഇല്യൂഷിൻ IL - 86 മോഡലിൽ നിന്നാണ് ഡൂംസ്ഡേയെ നിർമ്മിച്ചത്. മാക്സ്ഡം എന്നാണ് ഡൂംസ്ഡേയുടെ മറ്റൊരുപേര്. സാധാരണ വിമാനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇവ. ഇവയിലെ ക്യാബിൻ വിൻഡോകൾ ഒരാൾക്ക് കാണാനാകില്ല.


പുതിയ രണ്ട് ഡൂംസ്ഡേ വിമാനങ്ങളുടെ നിർമ്മാണം റഷ്യ ആരംഭിച്ചതായുള്ള റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഡൂംസ്ഡേയുടെ പുതിയ പതിപ്പുകൾ റഷ്യയുടെ തെക്കൻ നഗരമായ വെറോനെഷിലാണ് നിർമ്മിക്കുന്നതെന്നാണ് സൂചന. ബോംബുകൾ, മിസൈൽ ലോഞ്ചറുകൾ തുടങ്ങി ആണവ ആയുധങ്ങളെ 6,000 കിലോമീറ്റർ ദൂരത്ത് നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ ഇവയിൽ സജ്ജമാക്കും. അതേ സമയം, 1970കളുടെ തുടക്കത്തിൽ തന്നെ അമേരിക്ക നൈറ്റ്‌വാച്ച് എന്നറിയപ്പെടുന്ന ബോയിംഗ് ഇ - 4 നിർമ്മിച്ചിരുന്നു. ബോയിംഗ് 747ൽ നിന്നാണ് ഇവയെ വികസിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.