ലണ്ടൻ: അധികാരത്തിലെത്തിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് ആദരവുമായി ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ബാർബി പാവകളുടെ നിർമ്മാതാക്കളായ മാറ്റെൽ കമ്പനി.
രാജ്ഞിയുടെ രൂപത്തിലെ സ്പെഷ്യൽ എഡിഷൻ ബാർബി പാവകൾ കമ്പനി പുറത്തിറക്കി. ഐവറി നിറത്തിലെ ഗൗൺ ധരിച്ച രാജ്ഞി പാവയിൽ മെഡലുകളും റിബണുകളും ആഭരണങ്ങളും കാണാം. ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹ ദിനത്തിൽ രാജ്ഞി ധരിച്ച സവിശേഷ ടിയാരയുടെ ചെറുപതിപ്പും പാവയ്ക്കുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലണ്ടനിലെ ഹാരോഡ്സ്, സെൽഫ്രിജസ്, ഹാംലിസ് സ്റ്റോറുകളിൽ രാജ്ഞി പാവകൾ വിൽപ്പനയ്ക്കെത്തുമെന്ന് മാറ്റെൽ അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്ഞിയുടെ 96ാം പിറന്നാളിനോട് അനുബന്ധിച്ചാണ് തങ്ങളുടെ സ്പെഷ്യൽ എഡിഷൻ ബാർബിയെ മാറ്റെൽ അവതരിപ്പച്ചത്. ജൂൺ 2നാണ് ബ്രിട്ടണിൽ രാജ്ഞിയുടെ വിപുലമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങുന്നത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയ്ക്കാണ്. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |