ലോസ്ആഞ്ചലസ് : പ്രമുഖ ഹോളിവുഡ് നടൻ റേ ലിയോറ്റ ( 67 ) അന്തരിച്ചു. ഡൊമിനിക്കൽ റിപ്പബ്ലിക്കിൽ, പുതിയ ചിത്രമായ ഡേഞ്ചറസ് വാട്ടേഴ്സിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു മരണം. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് സൂചന.
മാർട്ടിൻ സ്കോർസെസിയുടെ വിഖ്യാത ചിത്രം ' ഗുഡ്ഫെല്ലാസി"ലൂടെയാണ് ( 1990 ) റേ പ്രശസ്തനായത്. ' ഫീൽഡ് ഒഫ് ഡ്രീംസ് " ( 1989 ) എന്ന ചിത്രത്തിൽ അമേരിക്കൻ ബേസ്ബോൾ താരം ഷൂലെസ് ജോ ജാക്സണിന്റെ വേഷം അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദ ലോൺലി ലേഡിയാണ് ( 1983 ) ആദ്യ ചിത്രം. സംതിംഗ് വൈൽഡ്, അൺലോഫുൾ എൻട്രി, കോപ്ലാൻഡ്, ഹാനിബൽ, ഐഡന്റിറ്റി, മാര്യേജ് സ്റ്റോറി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
1954 ഡിസംബർ 18ന് ന്യൂജേഴ്സിയിൽ ജനിച്ച റേ ഒരു അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആറ് മാസമുള്ളപ്പോൾ ഇറ്റലിയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ ഒരു കുടുംബം റേയെ ദത്തെടുത്തു. നടിയും നിർമ്മാതാവുമായ മിഷേൽ ഗ്രേസ് ഭാര്യയായിരുന്നു. 2004ൽ ഇരുവരും വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |