ന്യൂയോർക്ക് : പാറ്റയെ കാണുമ്പോൾ ഭയപ്പെടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ, പാറ്റയെ ഒട്ടും ഭയമില്ലാത്ത വ്യക്തിയാണോ നിങ്ങൾ ? എങ്കിലിതാ ഒരു സുവർണ ഓഫർ അത്തരക്കാർക്കായി മുന്നോട്ട് വയ്ക്കുകയാണ് ഒരു അമേരിക്കൻ പെസ്റ്റ് മാനേജ്മെന്റ് കമ്പനി. വീട്ടിൽ 100 പാറ്റകളെ വളർത്തണം.! ഇതാണ് ഓഫർ. വെറുതെയല്ല, 1,50000 രൂപ ( 2,000 ഡോളർ ) പാരിതോഷികവും നൽകുമെന്ന് പറയുകയാണ് നോർത്ത് കാരലീന ആസ്ഥാനമായുള്ള ദ പെസ്റ്റ് ഇൻഫോമർ എന്ന കമ്പനി. പക്ഷേ, യു.എസിലുള്ളവർക്കാണ് അവസരം കേട്ടോ. വീടുകളിൽ പാറ്റകളുടെ ആക്രമണം എങ്ങനെയാണെന്നും അതിന്റെ നിയന്ത്രണവും സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് ഓഫർ. ഏതാനും നിബന്ധനകളും കമ്പനി പറയുന്നുണ്ട്. പാറ്റകളെ നിയന്ത്രിക്കാനുള്ള കാര്യക്ഷമത പരീക്ഷിക്കുന്നതിനുള്ള പഠനത്തിന്റെ ഭാഗമാകാൻ തയ്യാറായ ആളിന്റെ വീട്ടിലേക്ക് 100 അമേരിക്കൻ പാറ്റകളെ സ്വതന്ത്രമാക്കും. പരീക്ഷണത്തിന് സമ്മതിക്കുന്ന ആൾക്ക് സ്വന്തമായി വീട് വേണം. അല്ലെങ്കിൽ ഉടമയുടെ അനുവാദം വേണം. പാറ്റകളെ വീട്ടിലെത്തിച്ച് 30 ദിവസത്തെ പരീക്ഷണ കാലയളവിൽ അവയെ തുരത്താൻ യാതൊരു മാർഗവും സ്വീകരിക്കാൻ പാടില്ല. അത് കമ്പനിയായിരിക്കും നിർവഹിക്കുക. വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമല്ലാത്ത മാർഗങ്ങളാണ് കമ്പനി പരീക്ഷിക്കുക. പരീക്ഷണ കാലഘട്ടം അവസാനിച്ചിട്ടും പാറ്റയുടെ ശല്യം കണ്ടെത്തിയാൽ അത് പരിഹരിക്കാനുള്ള മാർഗം കമ്പനി സൗജന്യമായി നടപ്പാക്കും. 21 വയസ് മുതലുള്ളവർക്കാണ് പരീക്ഷണത്തിൽ പങ്കെടുക്കാൻ അവസരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |