SignIn
Kerala Kaumudi Online
Thursday, 18 April 2024 5.51 PM IST

ദിനേശ് ഗുണവർദ്ധന ലങ്കൻ പ്രധാനമന്ത്രി  പ്രക്ഷോഭകർക്കെതിരെ നടപടി തുടങ്ങി, 9 പേർ അറസ്റ്റിൽ

sri-lanka

കൊളംബോ: ശ്രീലങ്കയുടെ എട്ടാമത്തെ പ്രസിഡന്റായി റെനിൽ വിക്രമസിംഗെ വ്യാഴാഴ്ച ചുമതലയേറ്റതിന് പിന്നാലെ രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദ്ധന അധികാരമേറ്റു. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രസിഡന്റ് റെനിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ദിനേശിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സഭാ നേതാവും ശ്രീലങ്ക പൊതുജന പെരമുന സഖ്യത്തിലെ എം.പിയുമായ ദിനേശ് ഗുണവർദ്ധന മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ അടുത്ത അനുയായിയായിരുന്നു.

ഗുണവർദ്ധനയെ കൂടാതെ കാബിനറ്റിലുള്ള 17 അംഗങ്ങളും ഇന്നലെ ചുമതലയേറ്റു. മഹിന്ദ രാജപക്സ സർക്കാരിലെ മുൻ ധനമന്ത്രി അലി സബ്രിയ്ക്ക് ഇത്തവണ വിദേശകാര്യം നൽകി. ഗുണവർദ്ധനയ്ക്ക് ആഭ്യന്തര വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. മറ്റുള്ള മന്ത്രിമാർ അവർക്ക് മുമ്പുണ്ടായിരുന്ന വകുപ്പുകൾ തന്നെ നിലനിറുത്തുകയാണ്. ധനകാര്യ വകുപ്പ് റെനിൽ തന്നെ കൈകാര്യം ചെയ്യും. വരും ദിവസങ്ങളിൽ മന്ത്രിസഭാ വിപുലീകരണമുണ്ടായേക്കും.

അതേസമയം, രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾ അതിരുകടന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് റെനിൽ പറഞ്ഞതിന് പിന്നാലെ ഇന്നലെ പുലർച്ചെ കൊളംബോയിൽ പ്രക്ഷോഭകാരികളുടെ ക്യാമ്പിൽ നടന്ന റെയ്ഡിൽ 9 പേർ അറസ്​റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് ഓഫീസിലുൾപ്പെടെ തുടർന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവിടങ്ങളിൽ സൈന്യത്തിന്റെ സുരക്ഷയും ഏർപ്പെടുത്തി. പ്രക്ഷോഭകരുടെ ടെന്റുകളും പൊളിച്ചുനീക്കി. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്‌ഡിനിടെ അമ്പതോളം പേർക്ക് പരിക്കേ​റ്റു. രണ്ട് മാദ്ധ്യമ പ്രവർത്തകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

 ദിനേശ് ഗുണവർദ്ധന

 വയസ് - 73

 ശ്രീലങ്കയുടെ 15ാം പ്രധാനമന്ത്രി

 നെതർലൻഡ്സിലും യു.എസിലെ ഒറിഗൺ സർവകലാശാലയിലും നിന്ന് ഉന്നത വിദ്യാഭ്യാസം

 1983 മുതൽ മഹാജന ഏക്‌സാത്ത് പെരമുന പാർട്ടി അദ്ധ്യക്ഷൻ

 1983ൽ മഹാരഗമ മണ്ഡലത്തിന്റെ പ്രതിനിധിയായി പാർലമെന്റിലെത്തി

 മാർക്സിസ്‌റ്റ് നേതാവും മുൻമന്ത്രിയുമായ ഫിലിപ് ഗുണവർദ്ധനയുടെ മകൻ

 ശ്രീലങ്കയിലെ രണ്ടാമത്തെ വനിതാ എം.പിയും ഫെമിനിസ്റ്റുമായ കുസുമസിരി ഗുണവർദ്ധനയാണ് മാതാവ്

 കഴിഞ്ഞ ഏപ്രിൽ മുതൽ ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു

 വിദേശകാര്യം, വിദ്യാഭ്യാസം, ജലം, നഗരവികസനം, ഗതാഗതം എന്നീ വകുപ്പുകൾ നേരത്തെ കൈകാര്യം ചെയ്തിരുന്നു

 ഇന്ത്യയുമായി അടുത്ത ബന്ധം നിലനിറുത്താൻ ആഗ്രഹിക്കുന്ന ദിനേശിന് ശ്രീലങ്കയിൽ ക്ലീൻ ഇമേജാണ്

 റെനിലിന്റെ സുഹൃത്ത്, ഇന്ത്യയുമായി അടുത്ത ബന്ധം

പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും ദിനേശ് ഗുണവർദ്ധനയും സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്. കടുത്ത ഇടതുപക്ഷ നേതാവായ ദിനേശ് ഗുണവർദ്ധനയുടെ കുടുംബം ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ദിനേശിന്റെ പിതാവ് ഫിലിപ് ഗുണവർദ്ധനയും മാതാവ് കുസുമസിരി ഗുണവർദ്ധനയും 1948ൽ ശ്രീലങ്ക സ്വാതന്ത്ര്യം നേടുന്നതിന് മുന്നേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയവരാണ്.

1940കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയതിനാൽ ഇരുവർക്കും ഇന്ത്യയിലെത്തി ബോംബെയിൽ ഒളിവിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ദിനേശിന്റെ മൂത്ത സഹോദരനും ശ്രീലങ്കയിലെ മുൻ മന്ത്രിയുമായിരുന്ന ഇന്ദിക ഗുണവർദ്ധനയുടെ ജനനം ബോംബെയിലായിരുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങൾക്കും പിന്തുണ നൽകിയ ഇരുവരെയും 1943ൽ ബ്രിട്ടീഷ് ഇന്റലിജൻസ് പിടികൂടി ബോംബെയിലെ ആർതർ റോഡ് ജയിലിടച്ചിരുന്നു.

യൂണിവേഴ്സിറ്റി ഒഫ് വിസ്കോൻസിനിൽ ഇന്ത്യൻ നേതാവ് ജയപ്രകാശ് നാരായണന്റെ സഹപാഠിയായിരുന്നു ദിനേശിന്റെ പിതാവ് ഫിലിപ്. ഇന്ത്യൻ നേതാവ് വി.കെ. കൃഷ്ണ മേനോനുമായും ഫിലിപിന് സൗഹൃദമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.