SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.14 PM IST

'വാതക യുദ്ധത്തിന്' ഒരുങ്ങി റഷ്യ, യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വെട്ടിക്കുറച്ചു

russia-gas

മോസ്‌കോ: റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ 'വാതക യുദ്ധ'ത്തിനൊരുങ്ങി റഷ്യ. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം ഇന്നു മുതൽ 20 ശതമാനമായി കുറയ്ക്കുമെന്ന് റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഊർജ്ജക്കമ്പനിയായ ഗ്യാസ്‌പ്രോം അറിയിച്ചു.

സാങ്കേതിക പ്രശ്നങ്ങൾ കാരണം ജർമ്മനിയിലേക്കുള്ള രണ്ട് പ്രധാന പ്രകൃതിവാതക വിതരണ പൈപ്പുകളിലൊന്നിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയാണെന്നാണ് വിശദീകരണം.
കഴിഞ്ഞയാഴ്ച പത്തുദിവസമെടുത്ത് നോർഡ് സ്ട്രീം 1 പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണി റഷ്യ പൂർത്തിയാക്കിയതാണെന്നും പൂർണ്ണമായും വാതക വിതരണം നിറുത്തുന്നതിനുള്ള മുന്നോടിയാണ് ഈ നീക്കമെന്നും യൂറോപ്യൻ കമ്മിഷൻ മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഒറ്റയടിക്ക് ഗ്യാസ് വിതരണം വെട്ടിക്കുറയ്‌ക്കേണ്ട സ്ഥിതിയില്ലെന്നും ജർമ്മൻ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

'ഇത് മനഃപൂർവമാണ്, റഷ്യയ്‌ക്കെതിരെ ഇ.യു നടപടിയെടുക്കണം' എന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി പറഞ്ഞു. ശൈത്യകാലം അടുത്തിരിക്കെ യൂറോപ്പിൽ ഗ്യാസിന്റെ ഉപഭോഗം വർദ്ധിക്കുമെന്നത് കണക്കിലെടുത്ത് റഷ്യ നടത്തുന്ന ബ്ളാക്ക് മെയിലിംഗാണിതെന്ന് സെലൻസ്‌കി ചൂണ്ടിക്കാട്ടി.
നേരത്തെ നോർഡ് സ്ട്രീം പൈപ്പ്‌ലൈൻ വഴി ജർമ്മനിയിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നത് പരമാവധി ശേഷിയുടെ 20 ശതമാനം ആയി കുറയ്ക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പോളണ്ടിലേക്കും ബൾഗേറിയയിലേക്കും ഉള്ള പ്രകൃതിവാതക വിതരണം റഷ്യ നിറുത്തി വച്ചിരുന്നു. യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനായി എല്ലാ ആയുധങ്ങളും പ്രയോഗിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ മുന്നറിയിപ്പ് നൽകി.

ഗ്യാസ് ഇറക്കുമതി 15% കുറയ്ക്കുമെന്ന് ഇ.യു

റഷ്യയിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഗ്യാസ് ഇറക്കുമതിയിൽ 15 ശതമാനം കുറവ് വരുത്തും. ഇത് അസാധ്യമായൊരു ദൗത്യമല്ലെന്ന് ഇ.യു പ്രസിഡൻസി വഹിക്കുന്ന ചെക്ക് റിപ്പബ്ലിക് പ്രതികരിച്ചു.

ഗ്യാസ് ഇറക്കുമതിയിൽ കുറവുണ്ടാവുന്നത് മുന്നിൽകണ്ട് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പുതിയ ഇടപാടിൽ ചില രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് രാജ്യങ്ങളുമായി ഗ്യാസ് പൈപ്പ്‌ലൈൻ ബന്ധമില്ലാത്ത രാജ്യങ്ങൾക്കാവും ഇളവ് അനുവദിക്കുക.

ഗ്യാസിനെ കൂടുതലായി ആശ്രയിക്കുന്ന വൈദ്യുതനിലയങ്ങൾക്കും ഇളവ് അനുവദിച്ചേക്കും. ഗ്യാസ് സ്റ്റോറേജ് കുറവുള്ള രാജ്യങ്ങൾക്കും ഇത്തരത്തിൽ ഇളവ് അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RUSSIA GAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.