SignIn
Kerala Kaumudi Online
Friday, 19 April 2024 5.33 PM IST

ചൈനയുടെ മുന്നറിയിപ്പ് കാറ്റിൽപ്പറത്തി നാൻസി പെലോസി തായ്‌വാനിൽ

pelosi

വാഷിംഗ്ടൺ : ചൈനയിൽ നിന്നുള്ള ശക്തമായ എതിർപ്പുകൾ മറികടന്ന് യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി ഇന്നലെ തായ്‌വാനിലെത്തി. ഇന്ത്യൻ സമയം രാത്രി 8.12ഓടെ ( പ്രാദേശിക സമയം 10.42 ) തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലെ സോംഗ്‌ഷാൻ വിമാനത്താവളത്തിലാണ് പെലോസിയേയും വഹിച്ചുള്ള യു.എസ് സൈനിക വിമാനം ലാൻഡ് ചെയ്തത്. തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു പെലോസിയെ സ്വീകരിച്ചു.

പെലോസിയേയും വഹിച്ചുള്ള എസ്.പി.എ.ആർ 19 വിമാനം ദക്ഷിണ ചൈനാ കടലിന് മുകളിലൂടെയുള്ള പാത ഒഴിവാക്കിയാണ് തായ‌്‌വാനിൽ ലാൻഡ് ചെയ്തത്. ഷിയാമെന്നിന് ചുറ്റുമുള്ള തങ്ങളുടെ കിഴക്കൻ തീര വ്യോമപാത ചൈന ഇന്നലെ അടച്ചിരുന്നു. വിമാനം ഇറങ്ങുന്നത് വരെ യാത്രയുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. അഞ്ച് യു.എസ് കോൺഗ്രസ് പ്രതിനിധികളും പെലോസിയ്ക്കൊപ്പമുണ്ട്. ഇവർ തായ്‌പെയിലെ ഗ്രാൻഡ് ഹായറ്റ് ഹോട്ടലിൽ രാത്രി ചെലവഴിക്കുമെന്നാണ് വിവരം.

പെലോസി ഇന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്‌വെന്നുമായി കൂടിക്കാഴ്ച നടത്തും. ശേഷം തായ്‌വാൻ പാർലമെന്റ്, ഹ്യൂമൻ റൈറ്റ്സ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കും.

സന്ദർശനം തായ‌്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബന്ധതയെ മാനിക്കുന്നതാണെന്നും യു.എസിലെ 1979ലെ തായ്‌‌വാൻ റിലേഷൻ ആക്ടിന് വിരുദ്ധമല്ലെന്നും പെലോസി ട്വിറ്ററിൽ കുറിച്ചു. പെലോസിയുടെ വരവിന് മുന്നോടിയായി നൂറുകണക്കിന് പേർ വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടി. തായ്‌വാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ തായ്‌പെയ് 101 പെലോസിയ്ക്കുള്ള സ്വീകരണ സന്ദേശങ്ങളുമായി പ്രകാശഭരിതമായി.

ഏഷ്യാ പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാവിലെ പെലോസി മലേഷ്യയിലെത്തിയിരുന്നു. ഞായറാഴ്ച യു.എസിൽ നിന്ന് തിരിച്ച പെലോസി സിംഗപ്പൂരും സന്ദർശിച്ചിരുന്നു. ഇനി ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കുമാണ് പെലോസിയും സംഘവും യാത്ര തിരിക്കുക.

വ്യാപാരം, കൊവിഡ് 19, കാലാവസ്ഥാ വ്യതിയാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ ചർച്ചയ്ക്കാണ് പെലോസിയുടെ ഏഷ്യാ പര്യടനം. 1997ൽ അന്നത്തെ യു.എസ് ജനപ്രതിനിധി സഭ സ്പീക്കറായ ന്യൂറ്റ് ഗിങ്ങ്റിച്ചിന് ശേഷം താ‌യ്‌വാൻ സന്ദർശിക്കുന്ന ആദ്യ മുതിർന്ന യു.എസ് ഉദ്യോഗസ്ഥയാണ് പെലോസി. അതേ സമയം, പെലോസിയുടെ നടപടി അങ്ങേയറ്റം അപകടകരമാണെന്ന് ചൈന പിന്നാലെ പ്രതികരിച്ചു.

 ലോകം ഉറ്റുനോക്കിയ വിമാനം

തായ്‌വാൻ യാത്രയെ സംബന്ധിച്ച് ഇന്നലെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും പൊലോസി ഇത് സംബന്ധിച്ച സൂചനകളൊന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകിട്ട് മലേഷ്യയിലെ സുൽത്താൻ അബ്‌ദുൾ അസീസ് ഷാ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ബോയിംഗ് സി - 40 എസ്.പി.എ.ആർ 19 വിമാനത്തിന്റെ ഡെസ്‌റ്റിനേഷൻ ഫ്ലൈറ്റ് - ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ ലഭ്യമായിരുന്നില്ല. താ‌യ്‌വാന്റെ വ്യോമപരിധി കടന്നതോടെയാണ് വിവരങ്ങൾ ലഭ്യമായത്. ഫ്ലൈറ്റ് റഡാർ 24 എന്ന ട്രാക്കിംഗ് വെബ്‌സൈറ്റിൽ മൂന്ന് ലക്ഷത്തിലേറെ പേരാണ് പെലോസിയുടെ വിമാനത്തിന്റെ സഞ്ചാരപാത നിരീക്ഷിച്ചത്. തിരക്ക് കൂടിയതോടെ നിരവധി തവണ വെബ്സൈറ്റ് തകരാറിലാവുകയും ചെയ്തു. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനം ഇതാണ്.

 യുദ്ധവിമാനങ്ങൾ പറത്തി ചൈന,

മറുപടിയായി യു.എസ്.എസ് റൊണാൾഡ് റീഗൻ

പെലോസി മലേഷ്യയിലെത്തിയതിന് പിന്നാലെ തായ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് സമീപം മുന്നറിയിപ്പുമായി ചൈനീസ് യുദ്ധവിമാനങ്ങൾ എത്തി. ഇന്നലെ രാവിലെയാണ് യുദ്ധവിമാനങ്ങൾ മേഖലയിലൂടെ പറന്നത്. ചൈനീസ് യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിച്ചു.

വൈകാതെ, നാൻസിയുടെ സന്ദർശനത്തിന് മുന്നോടിയായി തായ്‌വാന്റെ കിഴക്കൻ കടലിൽ വിമാനവാഹിനി ഉൾപ്പെടെ നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായി യു.എസും സ്ഥിരീകരിച്ചു. വിമാനവാഹിനി കപ്പലായ യു.എസ്.എസ് റൊണാൾഡ് റീഗൻ ദക്ഷിണ ചൈനക്കടൽ വഴി ജപ്പാന്റെ തെക്കും തായ്‌വാന്റെയും ഫിലിപ്പീൻസിന്റെയും കിഴക്കുമുള്ള ഭാഗത്തെ ഫിലിപ്പീൻസ് കടലിൽ സ്ഥാനമുറപ്പിച്ചു.

ഗൈഡഡ് മിസൈൽ ക്രൂസർ യു.എസ്.എസ് ആന്റീറ്റം, ഡിസ്ട്രോയർ യു.എസ്.എസ് ഹിഗ്ഗിംഗ്സ്, യു.എസ്.എസ് ട്രിപ്പോളി എന്നിവയും റൊണാൾഡ് റീഗനൊപ്പമുണ്ട്. പതിവ് വിന്യാസമെന്നാണ് ഇവയെ അണിനിരത്തിയതിനോട് യു.എസ് നേവി പ്രതികരിച്ചത്. പെലോസിയുടെ വിമാനം ചൈന ആക്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു.

 യുദ്ധത്തിന്റെ തുടക്കം ?

തീകൊണ്ട് കളിക്കരുത്...കളിച്ചാൽ അവർ സ്വയം എരിഞ്ഞടങ്ങും...കഴിഞ്ഞാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിനിടെ തായ്‌വാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് നൽകിയ മുന്നറിയിപ്പാണിത്.

ഇന്നലെ പെലോസിയുടെ വിമാനം മലേഷ്യയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് വരെ സന്ദർശനത്തിനെതിരെ ചൈന യു.എസിന് മുന്നറിയിപ്പ് നൽകി. പെലോസി തായ്‌വാനിലെത്തിയാൽ കടുത്ത തിരിച്ചടി യു.എസ് നേരിടേണ്ടി വരുമെന്ന് ചൈന പറഞ്ഞു.

സ്വയംഭരണാധികാരമുള്ള ജനാധിപത്യ ദ്വീപായ തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന പറയുന്നത്. വേണ്ടി വന്നാൽ തായ്‌വാനെ കീഴടക്കാൻ ഒരു യുദ്ധത്തിനും മടിയില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. എന്നാൽ, ഔദ്യോഗിക നയതന്ത്ര ബന്ധമില്ലെങ്കിലും തായ്‌വാന്റെ സ്വതന്ത്ര്യത്തെ അംഗീകരിക്കുന്ന യു.എസ് പെലോസിയുടെ തായ്‌‌വാൻ സന്ദർശനത്തിലൂടെ അത് ലോകത്തിന് മുന്നിൽ വീണ്ടും ആവർത്തിക്കുകയാണ്.

യു.എസിന്റെ നടപടി തങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായിട്ടാണ് ചൈന കാണുന്നത്. അതേ സമയം, പെലോസിയുടെ സന്ദർശനത്തിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി പിന്തുണ അറിയിച്ചിട്ടില്ല. പെലോസിയുടെ തീരുമാനം നല്ല ആശയമല്ലെന്നാണ് സൈന്യം കരുതുന്നതെന്ന് ബൈഡൻ മുമ്പ് സൂചിപ്പിച്ചിരുന്നു.

 സൈബർ ആക്രമണം

പെലോസിയുടെ വരവിന് മുന്നേ തായ്‌വാൻ പ്രസിഡൻഷ്യൽ വെബ്‌സൈറ്റിന് നേരെ വിദേശ സൈബർ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട്. തകരാർ പരിഹരിച്ചെന്ന് വാർത്താ ഏജൻസി അറിയിച്ചു.

 ചൈനയ്ക്ക് പിന്തുണയുമായി റഷ്യ

പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അത് തികച്ചും പ്രകോപനപരമായിരിക്കുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് ഇന്നലെ പറഞ്ഞിരുന്നു. ചൈനയുടെ മേൽ സമ്മർദ്ദം അടിച്ചേൽപ്പിക്കാനുള്ള യു.എസ് ശ്രമമായി ഇത് കാണുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയും വ്യക്തമാക്കിയിരുന്നു.

 ചൈനയുടെ വിലക്ക്

പെലോസിയുടെ വരവിന് മുന്നേ താ‌യ്‌വാനിലെ 35 ബിസ്ക്കറ്റ്, പേസ്ട്രി എക്സ്പോർട്ട് കമ്പനികൾക്ക് ചൈന വിലക്കേർപ്പെടുത്തി. ഭക്ഷണ വിഭാഗത്തിന് കീഴിൽ ചൈനയുടെ കസ്റ്റംസുമായി രജിസ്റ്റർ ചെയ്തിട്ടുള്ള 3,200 തായ്‌വാനീസ് കമ്പനികളിൽ 2,066 എൻട്രികളെയും ' ഇറക്കുമതി താത്കാലികമായി നിറുത്തി"യെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്നും തായ്‌വാൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ചില ഇറക്കുമതികൾക്ക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയെന്നും സൂചനയുണ്ട്.

' പീപ്പിൾസ് ലിബറേഷൻ ആർമി ജാഗ്രതയിലാണ്. തായ്‌വാനെ ലക്ഷ്യമിട്ടുള്ള മിലിട്ടറി ഓപ്പറേഷനുകൾ ആരംഭിക്കും " - വു ക്വിയാൻ, ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.