ലണ്ടൻ : ഏഴ് പതിറ്റാണ്ട് ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന് ചരിത്രം തിരുത്തിയ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജ്ഞി ഉപയോഗിച്ച ഒരു ടീബാഗ് ഇപ്പോൾ ഈ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇ ബേയിൽ തരംഗമാവുകയാണ്.
എലിസബത്ത് രാജ്ഞി 1998ൽ ഉപയോഗിച്ചു എന്ന് പറയപ്പെടുന്നതാണ് ഈ ടീ ബാഗ്. വില്പ്പനയ്ക്ക് വച്ച ഈ ടീ ബാഗിന്റെ വില എത്രയാണെന്ന് അറിയാമോ ? 12,000 ഡോളർ ( 9,55,900 രൂപ).! 1998ൽ വിൻഡ്സർ കാസിലിൽ നിന്ന് ഒരു കീടനിയന്ത്രണ ഡ്രൈവിനിടെ മോഷണം പോയെന്ന് ആരോപിക്കപ്പെടുന്ന ടീബാഗാണിത്. ടീ ബാഗ് യഥാർത്ഥമാണെന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റ് സഹിതമാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്.
ഇതിനായി ഐ.ഇ.സി.എ ( ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എക്സലൻസ് ഇൻ സർട്ടിഫിക്കറ്റ് ഒഫ് ഓതന്റിസിറ്റി ) നൽകിയ സർട്ടിഫിക്കറ്റാണ് ടീ ബാഗ് വില്പനയ്ക്ക് വച്ചിരിക്കുന്ന വ്യക്തി ഇ ബേയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീ ബാഗ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതാണെന്ന വാദം ശരിയാണെന്ന് സർട്ടിഫിക്കറ്റിൽ സൂചിപ്പിക്കുന്നു. യു.എസിൽ നിന്ന് ലിസ്റ്റ് ചെയ്യപ്പെട്ട ടീ ബാഗിനെ വൈകാതെ ഏതോ ഒരു അജ്ഞാത വ്യക്തി അതേ വിലയ്ക്ക് വാങ്ങുകയും ചെയ്തു.
എലിസബത്ത് രാജ്ഞിയുടെ മെഴുക് പ്രതിമകളും ബാർബി ഡോളുകളും ഓട്ടോഗ്രാഫുകളും ഇത്തരത്തിൽ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്. രാജ്ഞിയുടെ ഓർമയ്ക്കായി വൻതുകയ്ക്കാണെങ്കിൽ പോലും ആരെങ്കിലുമൊക്കെ ഇവ തീർച്ചയായും സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
അധികാരത്തിലെത്തിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എലിസബത്ത് രാജ്ഞിയുടെ രൂപത്തിലെ സ്പെഷ്യൽ എഡിഷൻ ബാർബി പാവകൾ ഈ വർഷം ആദ്യം മാറ്റെൽ കമ്പനി പുറത്തിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |