ന്യൂയോർക്ക് : കുറച്ചുനാളായി യു.എസിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഒന്നായിരുന്നു ഡബ്ല്യു. ഡബ്ല്യു. ഇ മുൻ താരവും നടനുമായ ഡ്വെയ്ൻ ' ദ റോക്ക് " ജോൺസൺ 2024ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു കൈ നോക്കുമെന്ന്. എന്നാൽ ആരാധകരുടെ സംശയങ്ങൾക്ക് റോക്ക് തന്നെ കർട്ടണിട്ടിരിക്കുകയാണ്.
അടുത്തൊന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് പദ്ധതിയില്ലെന്നാണ് റോക്ക് പറയുന്നത്. ഇപ്പോൾ തന്റെ ശ്രദ്ധയും മുൻഗണനയും പൂർണമായും തന്റെ മക്കളിലാണെന്നും അവർക്കൊപ്പം ചെലവഴിക്കാനാണ് ഇപ്പോൾ തീരുമാനമെന്നും റോക്ക് പറയുന്നു. ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോക്കിന്റെ പ്രതികരണം.
2017 മുതൽ നിരവധി അവസരങ്ങളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള താത്പര്യം റോക്ക് പ്രകടിപ്പിച്ചിരുന്നു. അതേ സമയം, ഭാവിയിൽ ഒരു മത്സരം ഉണ്ടായേക്കുമോ എന്നത് റോക്ക് തള്ളുന്നില്ല.
ഭാര്യ ലോറെൻ ഹാഷിയനും മക്കളായ ടിയാന ( 4 ), ജാസ്മിൻ ( 6 ) എന്നിവരും അടങ്ങുന്നതാണ് 50 കാരനായ റോക്കിന്റെ കുടുംബം. മുൻ ഭാര്യ ഡാനി ഗാർഷ്യയിൽ സിമോൺ എന്നൊരു മകളും റോക്കിനുണ്ട്. പ്രൊഫഷണൽ റസ്ലിംഗ് ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള റോക്ക് സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് റോക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |