ടോക്കിയോ : ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. ഷേക്ക്, ഐസ്ക്രീം, കേക്ക്, ബിസ്കറ്റ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഫ്ലേവറാണ് ചോക്ലേറ്റിന്റേത്.
' ചാർലി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി " സിനിമയിൽ കാണുന്നത് പോലെ ഒരു ചോക്ലേറ്റ് ലോകത്ത് എത്തിപ്പെടുന്നതൊക്കെ പലരും സ്വപ്നം കണ്ടിരിക്കാം. അതേ സമയം, സ്വന്തമായി ഫാക്ടറിയിൽ ഒരു ചോക്ലേറ്റ് നിർമ്മിക്കുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടോ. എങ്കിൽ അങ്ങനെ ഒരു ഓപ്ഷൻ നിങ്ങൾക്ക് മുന്നിലേക്ക് നൽകുകയാണ് ജപ്പാനിലെ ഒരു ചോക്ലേറ്റ് സ്റ്റോർ. ' കിറ്റ്കാറ്റ് ചോക്ലേറ്ററി " എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഷിബുയയിലെ മിയാഷിതാ പാർക്ക് ഷോപ്പിംഗ് മാളിലാണ് ഇതുള്ളത്.
സ്റ്റോറിൽ നിന്ന് കിറ്റ്കാറ്റ് വാങ്ങുന്നവർക്ക് അതുകൊണ്ട് തൃപ്തിപ്പെടുന്നില്ലെങ്കിൽ സ്വന്തമായി കിറ്റ്കാറ്റ് നിർമ്മിക്കാനുള്ള അവസരമാണ് ലഭിക്കുക. ഇനി ചോക്ലേറ്റ് എങ്ങനെയാണ് സ്വയം നിർമ്മിക്കുന്നതെന്ന് നോക്കാം. സ്റ്റോറിലെ സ്റ്റാഫുകൾ ആദ്യം നിർമ്മാണ രീതികൾ പറഞ്ഞു തരും. കിറ്റ്കാറ്റ് നിർമ്മിക്കാൻ ഏത് തരം ചോക്ലേറ്റ് വേണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ശേഷം ചോക്ലേറ്റ് ഉരുക്കി മോൾഡിലേക്ക് ഒഴിക്കുകയും വേഫർ ചേർക്കുകയും ചെയ്യാം. ടോപ്പിംഗ്സ് വേണമെന്നുണ്ടെങ്കിൽ അതും ചേർക്കാം. തയാറായ ശേഷം ചോക്ലേറ്റ് ബാറുകൾ റഫ്രിജറേറ്ററിലേക്ക് മാറ്റും. തണുത്ത് സെറ്റായ ശേഷം സ്വയം നിർമ്മിച്ചെടുത്ത കിറ്റ്കാറ്റ് നിങ്ങൾക്ക് ആസ്വദിക്കാം.
ബിറ്റർ, മിൽക്ക്, റൂബി എന്നിങ്ങനെ മൂന്ന് തരത്തിലെ ചോക്ലേറ്റുകളിൽ നിന്നാണ് ഒരെണ്ണം നിർമ്മാണത്തിനായി തിരഞ്ഞെടുക്കേണ്ടത്. ഡ്രൈഡ് സ്ട്രോബെറി, ഹേസൽനട്ട്, പിസ്റ്റാഷ്യോ, ആൽമണ്ട് തുടങ്ങിയ 17 തരം ടോപ്പിംഗ്സ് ഇവിടെ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |