SignIn
Kerala Kaumudi Online
Thursday, 25 April 2024 11.00 PM IST

ആഘോഷം അപകടത്തിലേക്ക് വഴിമാറി, ദുരന്തഭൂമിയായി സോൾ ഞെരിഞ്ഞമർന്നും ചവിട്ടേറ്റും മരിച്ചത് 154 പേർ

pic

സോൾ : കൊവിഡ് മഹാമാരിക്ക് ശേഷമെത്തിയ ഹാലോവീൻ ആഘോഷങ്ങൾ അതിഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന സോൾ നഗരം സാക്ഷിയായത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്. ശനിയാഴ്ച രാത്രിയോടെ സംഭവിച്ച വൻ അപകടത്തിന്റെ മരവിപ്പിലാണ് ദക്ഷിണ കൊറിയൻ ജനത.

ഇറ്റേവോൺ ജില്ലയിലെ ഇടുങ്ങിയ തെരുവുകളിൽ ഹാലോവീന് മുന്നോടിയായുള്ള രാത്രി ആഘോഷങ്ങളുടെ ഭാഗമാകാനെത്തി തിക്കിലും തിരക്കിലുംപെട്ട് ഞെരിഞ്ഞമർന്നും ചവിട്ടേറ്റും മരിച്ചത് വിദേശികളുൾപ്പെടെ 154 പേർ. 133 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നൂറോളം പേർ 20 - 30 പ്രായത്തിലുള്ള യുവതികളാണ്.

ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് - യോൾ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യ, യു.എസ്, യു.കെ, ചൈന, ഫ്രാൻസ്, കാനഡ തുടങ്ങിയ വിവിധ രാജ്യങ്ങൾ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.

 ദുരന്തത്തിലേക്ക്

 ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയായിരുന്നു ദുരന്തം

ഇറ്റേവോണിൽ ഹാമിൽടൺ ഹോട്ടലിന് സമീപം 4 മീറ്റർ മാത്രം വീതിയുള്ള ഇടുങ്ങിയ വീഥിയിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടം. തിക്കും തിരക്കും നിയന്ത്രണാതീതം. ചിലർ നിലത്തുവീണു. ഇവർ എഴുന്നേൽക്കാനാകാതെ ചവിട്ടിമെതിക്കപ്പെട്ടു. മറ്റു ചിലർക്ക് തിരക്കിൽ ശ്വാസംമുട്ടലും ഹൃദയ സ്തംഭനവുമുണ്ടായി. ചരിഞ്ഞ വീഥി ആയതിനാൽ ആളുകൾ ഒന്നിനുപിറകെ ഒന്നായി മേൽക്കുമേൽ വീണു. ഇതിനിടെ റോഡിന്റെ മറ്റൊരു ഭാഗത്ത് ഇതൊന്നുമറിയാതെ ആളുകൾ ആഘോഷവും നൃത്തവും തുടർന്നു.

 പ്രാദേശിക സമയം രാത്രി 10.15ഓടെ ആദ്യ ഫോൺ കോൾ എമർജൻസി സർവീസിലെത്തി

 800 ലേറെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക്

 ഡസൻകണക്കിന് ആളുകൾ ഗുരുതരാവസ്ഥയിലെന്ന് സ്ഥിരീകരണം

 59 പേർ മരിച്ചെന്ന് പ്രാദേശിക സമയം പുലർച്ചെ 2.30ഓടെ സ്ഥിരീകരണം. ഒരു മണിക്കൂർ കൊണ്ട് മരണ സംഖ്യ 100 കടന്നു

 ഇതുവരെ

 മരിച്ചവർ ആകെ - 154

 വിദേശികൾ - 20 ( ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, നോർവെ, തായ്‌ലൻഡ്, റഷ്യ, യു.എസ്, ഫ്രാൻസ്, ഓസ്ട്രേലിയ, വിയറ്റ്നാം, കസാഖിസ്ഥാൻ, ശ്രീലങ്ക, ഓസ്ട്രിയ )

 പരിക്കേറ്റവർ - 133

 മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചന

 മരിച്ചവരിൽ കൂടുതലും യുവതികൾ

 അപകടത്തിന് പിന്നാലെ സോൾ മെട്രോപൊളിറ്റൻ അധികൃതർക്ക് ലഭിച്ചത് 355 മിസിംഗ് കേസുകൾ

 സംഭവിച്ചത്

അപകടത്തിന്റെ യഥാർത്ഥ കാരണമെന്തെന്ന് അധികൃതർ തേടുകയാണ്. ഏകദേശം 1,00,000 പേർ നഗരത്തിൽ ഒത്തുകൂടിയിരുന്നു. ഹാമിൽട്ടൺ ഹോട്ടലിലേക്ക് ഒരു സെലിബ്രിറ്റി എത്തുന്നുണ്ടെന്നറിഞ്ഞ് ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 ജനക്കൂട്ടം അപകടമാകുമ്പോൾ

( ലോകത്ത് തിക്കും തിരക്കിലും പെട്ട് ഏറ്റവും കൂടുതൽ പേർ മരിച്ച ദുരന്തങ്ങളിൽ ചിലത് )

 സൗദി അറേബ്യ - 2000 പേർ - 2015ൽ മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ

 ഇൻഡോനേഷ്യ - 130 പേർ - ഈ മാസം ആദ്യം ഈസ്റ്റ് ജാവയിലെ മലാംഗ് ഫുട്ബോൾ സ്റ്റേഡിയത്തിൽ

 ഇന്ത്യ - 115 പേർ - 2013ൽ മദ്ധ്യപ്രദേശിൽ നവരാത്രി ആഘോഷത്തിനിടെ

 ഐവറി കോസ്റ്റ് - 60 പേർ - 2013ൽ അബിദ്‌ജാനിൽ പുതുവത്സര ആഘോഷത്തിനിടെ

 രക്ഷാപ്രവർത്തനത്തിന് തടസ്സമായത് ജനക്കൂട്ടം

സോൾ : സംഭവിച്ചതെന്താണെന്നത് ഇപ്പോഴും തിരിച്ചറിയാനാകാതെ നടുങ്ങിയിരിക്കുകയാണ് ഇറ്റേവോണിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത ലക്ഷത്തോളം പേർ. തിക്കിലും തിരക്കിലും അപകടം സംഭവിച്ചെന്ന വിവരം ലഭിച്ചയുടൻ തന്നെ അഗ്നിശമനസേനയും മെഡിക്കൽസംഘവും പൊലീസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും വൻ ജനത്തിരക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. സമീപത്തെ സബ്‌വേ സ്റ്റേഷനിൽ നിന്നുള്ളവരും ഇവിടേക്കെത്തിപ്പെട്ടിരുന്നു.

അപകടമറിയാതെ ഒരു കൂട്ടം ആളുകൾ റോഡിൽ പാട്ടും നൃത്തവും തുടർന്നതോടെ വീണുകിടന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ നന്നേ പാടുപെട്ടു. സൂചി കുത്താൻ പോലും ഇടമില്ലാതിരുന്ന മേഖലയിലേക്ക് പ്രവേശിക്കാൻ ആംബുലൻസുകൾക്ക് കഴിയാതെ വന്നതോടെ ജനങ്ങളോട് പരിഞ്ഞു പോകാൻ പൊലീസുകാർ ആവശ്യപ്പെട്ടു. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളുടെയും മറ്റും മുകളിൽ കയറി നിന്ന് പൊലീസുകാർ അനൗൺസ്മെന്റുകൾ നടത്തുകയായിരുന്നു.

ആംബുലൻസുകൾ എത്തുന്നത് വരെ ആരോഗ്യപ്രവർത്തകർ ജനക്കൂട്ടത്തിനിടെയിൽ പരിക്കേറ്റവരെ കണ്ടെത്തി കൃത്രിമശ്വാസവും മറ്റും നൽകിയിരുന്നു. ഹാലോവീനോട് അനുബന്ധിച്ചുള്ള പ്രത്യേക വേഷങ്ങളാണ് ഭൂരിഭാഗം പേരും ധരിച്ചിരുന്നത്. ഒരു ഭാഗത്ത് കൂട്ടക്കരച്ചിലുകൾ മുഴങ്ങിയപ്പോൾ മറുഭാഗത്ത് ആഘോഷമായിരുന്നെന്നും ദുരന്തം തിരിച്ചറിയാൻ പലരും ഏറെ വൈകിയെന്നും അപകട സ്ഥലത്ത് ആദ്യമെത്തിയ രക്ഷാപ്രവർത്തകർ ഓർക്കുന്നു. അതേ സമയം, മരിച്ചവരിൽ 90 ശതമാനത്തിലേറെ പേരെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.