SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.49 AM IST

ഭൂമിയിലെ ആദ്യ കൂട്ടവംശനാശം 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പെന്ന് പഠനം

pic

വാഷിംഗ്ടൺ : ദിനോസറുകൾ അടക്കം കോടിക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികൾ ഇന്ന് ഇല്ലാത്തതിന്റെ കാരണം അവയ്ക്ക് വംശനാശം സംഭവിച്ചതിനാലാണ് എന്ന് നമുക്കറിയാം. കോടിക്കണക്കിന് വർഷങ്ങൾക്കിടെ പല ഘട്ടങ്ങളിലായാണ് വിവിധ സ്പീഷീസുകൾ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത്.

പരിസ്ഥിതിയുണ്ടായ വ്യതിയാനങ്ങളാണ് വംശനാശത്തിന് കാരണം. അതേ സമയം, ദിനോസറുകൾ അപ്രത്യക്ഷമാകാൻ കാരണമായ ഛിന്നഗ്രഹ പതനം പോലെ പ്രകൃതിയുടെ താളം തെറ്റിക്കുന്ന അസാധാരണ സംഭവങ്ങൾ ചുരുങ്ങിയ കാലയളവിൽ ജീവികളെ കൂട്ടത്തോടെ ഇല്ലാതാക്കുന്നു. ഇതിനെ കൂട്ട വംശനാശമെന്ന് പറയുന്നു. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് കൂട്ടവംശനാശങ്ങൾ സംഭവിക്കുന്നത്.

ഇത്തരത്തിൽ ഭൂമിയിലെ അറിയപ്പെടുന്ന ആദ്യ കൂട്ട വംശനാശം സംഭവിച്ചത് 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പെന്ന് പുതിയ പഠന റിപ്പോർട്ട്. ഈഡിയാകറൻ കാലഘട്ടത്തിലാണ് ഭൂമിയിലെ ആദ്യ കൂട്ടവംശനാശം സംഭവിച്ചതെന്ന് യു.എസിലെ വിർജീനിയ ടെക് കോളേജ് ഒഫ് സയൻസിലെ ഗവേഷകർ പറയുന്നു. അന്ന് ഭൂമുഖത്തുണ്ടായിരുന്ന 80 ശതമാനം ജീവി സ്പീഷീസുകളും ഇല്ലാതായെന്നും ഗവേഷകർ പറയുന്നു. ഈഡിയാകറൻ കാലഘട്ടത്തിലെ ഫോസിലുകളിൽ നടത്തിയ പഠനത്തിലാണ് അന്നത്തെ സ്പീഷീസുകൾ കൂട്ട വംശനാശത്തിന് വിധേയമായെന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്.

ഓക്സിജൻ ലഭ്യതയിലുണ്ടായ കുറവാണ് വംശനാശത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ എല്ലാ കൂട്ട വംശനാശങ്ങളെയും പോലെ ഇതും പ്രകൃതിയിലെ മാറ്റത്തിലൂടെയാണ് സംഭവിച്ചത്. ആഗോള താപനം, ഓക്സിജന്റെ ലഭ്യത കുറയ്ക്കുന്ന സംഭവങ്ങൾ തുടങ്ങിയവയ്ക്ക് ജീവികളുടെ കൂട്ടവംശനാശത്തിന് വഴിയൊരുക്കാനാകുമെന്നും ആവാസവ്യവസ്ഥയെ മാറ്റിമറിക്കാനാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയുടെ ചരിത്രത്തിൽ മനുഷ്യർ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത് അഞ്ച് കൂട്ടവംശനാശങ്ങളാണ്. ഓർഡവിഷൻ - സൈലൂറിയൻ ( 440 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ), ലേറ്റ് ഡിവോണിയൻ ( 370 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ), പെർമിയൻ - ട്രയാസിക് ( 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ), ട്രയാസിക് - ജുറാസിക് ( 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ), ക്രിറ്റേഷ്യസ് - പാലിയോജീൻ ( 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ) വംശനാശങ്ങളാണ് അവ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.