SignIn
Kerala Kaumudi Online
Thursday, 25 April 2024 5.23 PM IST

ബാലി;ഹിന്ദു ദൈവങ്ങളുടെ നാട്

jhitrjiob

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ബാലിയിൽ എത്തിയതോടെ വാർത്തകളിൽ നിറയുന്ന ഒന്നാണ് അവിടുത്തെ ഹിന്ദുമതവിശ്വാസവും പ്രശസ്തമായ ക്ഷേത്രങ്ങളും.

ഇന്ത്യയുമായി ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്തോനേഷ്യ. 1000 മുതൽ 1500 വർഷങ്ങൾക്കിടയിൽ ദ്വീപിൽ എത്തിയ ഹിന്ദുമതത്തിൽ ഇന്ത്യയിലെ ഹിന്ദുമതവുമായി ഒരുപാട് സാമ്യങ്ങളുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ എല്ലായിടത്തും ഹിന്ദുമതം ഉണ്ട്. അവിടെ ജനസംഖ്യയുടെ രണ്ട് ശതമാനം ഹിന്ദുക്കളാണ്. രണ്ട് വിശ്വാസങ്ങൾ എത്ര സമാധാനപരമായി സഹവസിക്കുന്നുവെന്നതിന് വ്യക്തമായ ഉദാഹരണമാണ് ഇന്തോനേഷ്യ.
ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബാലിയിൽ 90 ശതമാനത്തിലധികം പേർ ബാലിനീസ് ഹിന്ദുമതം പിന്തുടരുന്നു. നിരവധി ക്ഷേത്രങ്ങളാൽ നിറഞ്ഞതാണ് ബാലി. അതുകൊണ്ട് ഹിന്ദു 'ദൈവങ്ങളുടെ ദ്വീപ്' എന്നും അറിയപ്പെടുന്നു.ബാലിനീസ് ഹിന്ദുമതം വ്യത്യസ്ത സംസ്‌കാരങ്ങളുമായുള്ള, പ്രത്യേകിച്ച് ഇന്ത്യൻ സംസ്‌കാരവുമായുള്ള വർഷങ്ങളുടെ സമ്പർക്കത്തിന്റെ ഫലമാണ്. എങ്കിലും, ബാലിയിലെ ഹിന്ദുമതാചാരങ്ങൾ ഇന്ത്യയിലേതിൽ നിന്ന് വ്യത്യസ്തമാണ്. ബാലിനീസ് ഹിന്ദു മതം കർമ്മത്തിലും പുനർജന്മത്തിലും ദേവതാ സങ്കല്പത്തിലും വിശ്വസിക്കുന്നു. സമ്പത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും ദേവത ലക്ഷ്മി ദേവിയെപ്പോലെ ദേവി ശ്രീയാണ്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയ പരമ്പരാഗത ഹിന്ദു ദൈവങ്ങൾക്കൊപ്പം മറ്റ് നിരവധി ദേവതകളെയും അവർ ആരാധിക്കുന്നുണ്ട്. ബാലിനീസ് ഹിന്ദുമതത്തിലെ ഏകദൈവം സാങ് ഹ്യാങ് വിധി എന്നറിയപ്പെടുന്നു.
ബാലിയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ലെംപുയാങ് അവിടുത്തെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1,175 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്താൻ 1700 പടികൾ കയറണം. അതിനാൽ ആയിരം പടികളുടെ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ബെസാകിഹ് ക്ഷേത്രം, ഗോവ ലവാ ക്ഷേത്രം, തമൻ അയുൻ ക്ഷേത്രം, ഉലുൻ ദാനു ബ്രതൻ ക്ഷേത്രം എന്നിവ ബാലിയിലെ മറ്റ് പ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങളാണ്.

ബാലിയിൽ മാത്രമല്ല, ഇന്തോനേഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഹിന്ദുമതം വ്യാപകമാണ്. രാജ്യത്തുടനീളം നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രസിദ്ധം 1991ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രമ്പനൻ ക്ഷേത്ര സമുച്ചയമാണ്. ജാവ ദ്വീപിലെ ബൊക്കോഹാർജോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇത് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ്. ഹിന്ദുമതത്തിലെ ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്. ഇതിൽ ശിവന് സമർപ്പിച്ചിരിക്കുന്ന കാൻഡി ശിവ മഹാദേവ, ഈ ക്ഷേത്രങ്ങളിൽ ഏറ്റവും വലുതും മികച്ചതുമാണ്. ക്ഷേത്രത്തിന്റെ ഉൾഭിത്തിയിൽ രാമായണത്തിൽ നിന്നുള്ള രംഗങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ജക്കാർത്തയിൽ സ്ഥിതി ചെയ്യുന്ന അർജുനവിജയരഥ പ്രതിമയും പ്രശസ്തമാണ്. കൃഷ്ണൻ അർജ്ജുനനൊപ്പം വില്ലും അമ്പും പിടിച്ച് രഥത്തിൽ കയറുന്നതും എട്ട് കുതിരകൾ രഥം വലിക്കുന്നതുമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ ദേശീയ സ്മാരകമായ മൊണാസിനോട് ചേർന്ന് നിൽക്കുന്ന, 1987ൽ പണികഴിപ്പിച്ച പ്രതിമ ജക്കാർത്തയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

ഹിന്ദുമതവും ഇന്തോനേഷ്യയുടെ സംസ്‌കാരവും

ഏകദേശം 13 മുതൽ 15 വരെയുള്ള നൂറ്റാണ്ടുകളിൽ ഹിന്ദുരാജ്യമായ മജാപഹിത് ഇവിടെ തഴച്ചുവളരുകയും അത് സംസ്‌കാരത്തിലും ഭാഷയിലും ഭൂപ്രകൃതിയിലും വ്യക്തമായ സ്വാധീനം അവശേഷിപ്പിക്കുകയും ചെയ്തു. ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നം ഗരുഡനാണ്. ഇത് മഹാവിഷ്ണുവിന്റെ വാഹനമായതിനാൽ ഹിന്ദു പുരാണങ്ങളിൽ വളരെ സ്ഥാനമുള്ള പ്രതീകമാണ്.
കലകളിലൂടെ ഇന്തോനേഷ്യൻ സംസ്‌കാരത്തിലേക്ക് ഹിന്ദുമതവും ഉൾച്ചേർന്നിട്ടുണ്ട്. ജാവനീസ് ശൈലിയിൽ അവതരിപ്പിക്കുന്ന രാമായണ ബാലെ 1961 മുതൽ നടത്തിവരുന്നു. 2012ൽ ഏറ്റവും കൂടുതൽ തുടർച്ചയായി അരങ്ങേറിയ പ്രകടനം എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇത് ഇടം നേടി. പ്രമ്പനൻ ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഈ രാമായണ ബാലെ അവതരിപ്പിച്ചവരിൽ പലരും മുസ്ലീങ്ങളാണ്. എന്നാൽ 'ഇവർ ഹിന്ദു സ്വാധീനമുള്ള മുസ്ലീങ്ങളാണ്' എന്നാണ് അവരുടെ പക്ഷം.
വയാങ് കുളിത് എന്നറിയപ്പെടുന്ന പരമ്പരാഗത നിഴൽ പാവകൂത്തിൽ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും പുനരാവിഷ്‌കരിക്കുന്നു. അസംസ്‌കൃത എരുമത്തോലിൽ നിന്ന് ഉണ്ടാക്കുന്ന ബാക്ക്‌ലൈറ്റ് രൂപങ്ങൾ ഉപയോഗിച്ച് ഈ കഥകൾ ഒരു സ്‌ക്രീനിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. കലകളിൽ മാത്രമല്ല, ഇന്തോനേഷ്യൻ ഭാഷയിലും മറ്റ് പ്രാദേശിക ഭാഷകളിലും നിരവധി സംസ്‌കൃത പദങ്ങൾ ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.