ന്യൂയോർക്ക് : മുഖത്തിന്റെ ആകൃതിക്കും സവിശേഷതകൾക്കും അനുസരിച്ച് തലമുടി വിവിധ തരത്തിൽ സ്റ്റൈൽ ചെയ്യുന്നത് ഒരു പ്രത്യേക കഴിവാണ്. വിവിധ തരം ഹെയർ കട്ടുകളിലൂടെയും കളറുകൾ ചേർത്തുമൊക്കെ മുടിയിൽ സ്റ്റൈലൻ പരീക്ഷണങ്ങൾ നടത്തുന്നവർ ഏറെയാണ്.
ഇതിനൊക്കെ പുറമേ ഹെയർ സ്റ്റൈൽ കൊണ്ട് ലോക റെക്കോഡും സൃഷ്ടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രമുഖ സിറിയിൻ ഹെയർ സ്റ്റൈലിസ്റ്റായ ഡാനി ഹിസ്വാനി. ലോകത്തെ ഏറ്റവും ഉയരമേറിയ ഹെയർ സ്റ്റൈൽ സൃഷ്ടിച്ചാണ് ഇദ്ദേഹം ഗിന്നസ് ബുക്കിലിടം നേടിയത്. ഒരു യുവതിയുടെ തലമുടിയെ 9 അടി 6.5 ഇഞ്ച് ഉയരമുള്ള ക്രിസ്മസ് ട്രീയായി അണിയിച്ചൊരുക്കിയാണ് ഡാനി ഈ നേട്ടം കൈവരിച്ചത്.
സെപ്തംബർ 16ന് യു.എ.ഇയിലെ ദുബായിൽ വച്ചാണ് ഡാനി ഈ റെക്കോഡ് സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ഗിന്നസ് അധികൃതർ പുറത്തുവിട്ടു. തലയിൽ പ്രത്യേക ഹെൽമെറ്റ് ധരിപ്പിച്ച ശേഷമാണ് യുവതിയുടെ തലമുടിയിൽ ക്രിസ്മസ് ട്രീ സ്റ്റൈലിംഗ് നടത്തിയത്.
ഹെൽമറ്റിൽ നിന്ന് മുകളിലേക്ക് മൂന്ന് കമ്പികൾ ഉയർന്ന് നിന്നിരുന്നു. ഇതിൽ ഹെയർ എക്സ്റ്റെൻഷനുകളും വിഗുമൊക്കെ വച്ചാണ് ഒമ്പതടി വരെ ഉയർത്തിയത്. അലങ്കാരത്തിന് ക്രിസ്മസ് ബോളുകളും മറ്റും ഉപയോഗിച്ചു.
കഴിഞ്ഞ ഏഴ് വർഷമായി ഫാഷൻ ലോകത്ത് സജീവമാണ് ഡാനി. ഹെയർ സ്റ്റൈലിംഗിനെ തന്റെ തൊഴിൽ എന്നതിലുപരി തന്റെ പാഷനായി കൊണ്ടുനടക്കുകയാണ് ഡാനി. മുമ്പും തലമുടിയിൽ ഡാനി ക്രിസ്മസ് ട്രീ പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും റെക്കോഡ് സ്വന്തമാക്കാൻ കഴിയുന്നത്ര ഉയരമുള്ളവ ആയിരുന്നില്ല.
അതേ സമയം, വിഗുകളാണ് ക്രിസ്മസ് ട്രീയുടെ രൂപത്തിൽ ഒരുക്കിയതെന്നതിനാൽ ഇതിനെ ഹെയർ സ്റ്റൈലായി കണ്ട് റെക്കോഡ് നൽകേണ്ട ആവശ്യമില്ലെന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |