ആണവശക്തി മൂന്നിരട്ടിയാക്കാൻ ചൈന

Tuesday 14 February 2023 9:18 AM IST

ബീജിംഗ് : അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളിൽ പിരിമുറുക്കങ്ങൾ രൂക്ഷമാകുന്നതിനിടെ തങ്ങളുടെ ആണവായുധ ശേഖരം മൂന്നിരട്ടിയാക്കി ഉയർത്താൻ ഒരുങ്ങി ചൈന. 2035ഓടെ ആണവായുധങ്ങളുടെ എണ്ണം 900ത്തിലെത്തിക്കാനാണ് ചൈനയുടെ പദ്ധതിയെന്ന് ഒരു ജാപ്പനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ചുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പദ്ധതികൾക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അനുമതി നൽകിയതായും പറയുന്നു. 2027ഓടെ ആണവായുധങ്ങളുടെ എണ്ണം 550 ആക്കാനാണ് തീരുമാനം. പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥാപിതമായതിന്റെ നൂറാം വാർഷികമാണ് 2027ൽ. തുടർന്ന് 2035ഓടെ ഇത് 900 ത്തിൽ എത്തിക്കും. നിലവിൽ 350 ഓളം ആണവായുധങ്ങൾ ചൈനയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. യുക്രെയിൻ അധിനിവേശം രൂക്ഷമായി തുടരുമ്പോഴും നാറ്റോയും യു.എസും റഷ്യക്കെതിരെ ഉപരോധങ്ങൾ ഒഴികെ മറ്റ് നേരിട്ടുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാത്തതിന് കാരണം അവരുടെ ശക്തമായ ആണവായുധ നിരയാണ്. ഇതാണ് ആണവ ശക്തി കൂട്ടാൻ ചൈനയെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം. തായ്‌വാനിൽ ഒരു അധിനിവേശം വേണ്ടി വന്നാൽ ഇത് കരുത്താകുമെന്നും ചൈന കരുതുന്നു.

അതേ സമയം, ചൈന തങ്ങളുടെ ആണവായുധ ശേഖരം 1,500ലേക്കെത്തിക്കാൻ ആലോചിക്കുന്നതായി കഴിഞ്ഞ വർഷം അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ അറിയിച്ചിരുന്നു. നിലവിൽ 400 എണ്ണം ചൈനയുടെ കൈവശമുണ്ടെന്നും പെന്റഗൺ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് ( 5,977 ). 5,428 എണ്ണവുമായി യു.എസ് തൊട്ടുപിന്നിലുണ്ട്.

റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് പുറംലോകത്തിന് അജ്ഞാതമാണ് എന്നതാണ് വാസ്തവം. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്.

Advertisement
Advertisement