പ്രഥമ ടെക്കി കലോത്സവത്തിന് ഇന്ന് വർണാഭമായ തുടക്കം

Wednesday 15 February 2023 12:50 AM IST

കൊച്ചി: ഐ.ടി ജീവനക്കാരുടെ സംഘടനായ പ്രോഗ്രസീവ് ടെക്കീസ് ഇൻഫോപാർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ടെക്കി കലോത്സവം തരങ്ക് 2023 ന് ഇന്ന് തിരിതെളിയും. 200 ഐ.ടി കമ്പനികളെ പ്രതിനിധീകരിച്ച് 2000ലധികം ടെക്കികൾ മാറ്രുരയ്ക്കുന്ന കലാമാമാങ്കം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ഇൻഫോപാർക്ക് അതുല്യ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കൊച്ചി മെട്രോ എം.ഡിയും മുൻ പൊലീസ് മേധാവിയുമായിരുന്ന ലോക്നാഥ് ബെഹ്റ, ഇൻഫോ പാർക്ക് സി.ഇ.ഒ ശുശാന്ത് കരുന്തിൽ, സംവിധായകൻ ആഷിഖ് അബു, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, ഉമ തോമസ്, ഇൻഫോപാർക്ക് അഡ്മിനിട്രേഷൻ ഓഫീസർ റെജി കെ. തോമസ് എന്നിവർ സന്നിഹിതരായിരിക്കും.

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കലോത്സവം കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആറുവേദികളിലായി വൈകിട്ട് ആറിന് ശേഷവും അവസാനത്തെ രണ്ടു ദിവസം രാവിലെ മുതൽ രാത്രിവരെയും മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഡാൻസും ഫാഷൻഷോയുമുൾപ്പെടെ 90 ഇനങ്ങളിലായാണ് മത്സരം. ഉദ്ഘാടനത്തിന് മുന്നോടിയായി 500 ടെക്കികൾ അണിനിരക്കുന്ന കലാജാഥ ഉണ്ടായിരിക്കും. ഐ.ടി ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ കലാവാസനകൾ പുറത്തുകൊണ്ടുവരികയുമാണ് കലോത്സലം ലക്ഷ്യമിടുന്നതെന്ന് പ്രോഗ്രസീവ് ടെക്കി സംസ്ഥാന സെക്രട്ടറി അനീഷ്, കൊച്ചിൻ യൂണിറ്റ് സെക്രട്ടറി മാഹിൻ, സംഘാടസമിതി അംഗം ഷിയാസ് എന്നിവർ പറഞ്ഞു. പൊതുജനങ്ങൾക്കും മത്സരം കാണാൻ അവസരമുണ്ടായിരിക്കും.

Advertisement
Advertisement