ബിഷപ്പിന്റെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ല: വെള്ളാപ്പള്ളി

Thursday 23 March 2023 12:26 AM IST

ആലപ്പുഴ: റബറിന്റെ താങ്ങുവിലെ 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ടു ചെയ്യാമെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അമ്പലപ്പുഴ യൂണിയൻ നിർമ്മിച്ച ആസ്ഥാന മന്ദിരമായ എൻ.കെ.നാരായണൻ സ്മാരക മന്ദിരത്തിന്റെ സമർപ്പണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

റബർ പോലെ കയർ, കശുഅണ്ടി, കൈത്തറി, കൃഷി മേഖലയിലും ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കണം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എല്ലാ വിഭാഗത്തിലെയും കർഷകരുടെ കാര്യമാണ് ബിഷപ്പ് പറയേണ്ടത്. ബിഷപ്പ് പറഞ്ഞത് ഞാനാണ് പറഞ്ഞതെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു. വില പേശാനുള്ള ശക്തിയും ഐക്യവും ബിഷപ്പിന്റെ സമുദായത്തിനുണ്ട്. ആ സമുദായത്തിലെ മുഴുവൻ പേരും ബിഷപ്പിനെ പിന്തുണയ്ക്കുന്നുമില്ല. ബിഷപ്പിന്റെ പരാമർശത്തോട് പ്രതികരിക്കാൻ വിപ്ളവ, ഗാന്ധിയൻ പാർട്ടികൾക്ക് ധൈര്യമില്ല. മത, സവർണ ശക്തികളുടെ വിമോചന സമരത്തിന്റെ ഭയം ഇടതുപക്ഷത്തിനുണ്ട്.

പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ ടി.കെ.മാധവനെ തമസ്കരിക്കുന്നു. പിന്നാക്ക, ദളിത് സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ വേണ്ടത്ര പണം ബഡ്ജറ്റുകളിൽ നീക്കി വയ്ക്കുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ അധ:സ്ഥിത വിഭാഗങ്ങളെ തഴയുകയാണ്. ഏഴു ജില്ലകളിൽ ഒരു വിദ്യാലയം പോലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈഴവ സമുദായത്തിനില്ല. സാമൂഹ്യ നീതിക്കായി ശബ്ദിച്ച ഇടതുപക്ഷം ഇപ്പോൾ അടവ് നയമാണ് സ്വീകരിക്കുന്നത്. ദേവസ്വം ബോർഡിൽ ശാന്തി ഉൾപ്പെടെയുള്ള നിയമനങ്ങളിൽ പിന്നാക്ക വിഭാഗങ്ങളെ തഴയുന്നു. കോടതിയെ സമീപിച്ചപ്പോൾ ബോർഡ് പ്രസിഡന്റ് പത്രിക സമർപ്പിക്കാൻ പോലും തയ്യാറായില്ല-

വെള്ളാപ്പള്ളി പറഞ്ഞു.

Advertisement
Advertisement