കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കുത്തേറ്റു; രോഗി ആക്രമിച്ചത് കത്രിക ഉപയോഗിച്ച്, പൊലീസുകാർക്കും പരിക്ക്

Thursday 23 March 2023 7:39 AM IST

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ രോഗി ആക്രമിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരായ മധു, വിക്രം എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജാണ് ആക്രമിച്ചത്.

ഇന്ന് പുലർച്ചെയാണ് ദേവരാജനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. ഇയാൾ പെട്ടെന്ന് നഴ്സിംഗ് റൂമിൽ കയറി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തടയാനായിട്ടാണ് സുരക്ഷാ ജീവനക്കാരെത്തിയത്. തുടർന്ന് പ്രതി നഴ്സിംഗ് റൂമിലുണ്ടായിരുന്ന കത്രികയെടുത്ത് ഇവരെ കുത്തുകയായിരുന്നു. വിക്രമിന് വയറ്റിലാണ് കുത്തേറ്റത്.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ദേവരാജനെ പിടികൂടാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. പ്രതി പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദേവരാജന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനസിക അസ്വസ്ഥതകളുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.