ഇങ്ങനെയായാൽ ടൂറിസം വളർന്നത് തന്നെ; ബിച്ചിലേക്ക് കക്കൂസ് മാലിന്യമടക്കം തുറന്നുവിട്ടു, മൂക്ക് പൊത്തി വിനോദ സഞ്ചാരികളും പ്രദേശവാസികളും
Tuesday 28 March 2023 10:39 PM IST
കോവളം: ബീച്ചിലേക്ക് കക്കൂസ് മാലിന്യമടക്കം മലിനജലം തുറന്നുവിട്ടത് പ്രദേശവാസികളെയും വിനോദ സഞ്ചാരികളെയും ദുരിതത്തിലാക്കി. കോവളം ലൈറ്റ് ഹൗസിന് താഴെ ബീച്ച് തുടങ്ങുന്ന ഭാഗത്തെ ഡ്രെയിനേജ് വഴിയാണ് മാലിന്യം തുറന്നുവിട്ടത്. മാലിന്യം തീരത്തടിഞ്ഞ് പ്രദേശത്താകെ ദുർഗന്ധം വ്യാപിച്ചു.
ഞായറാഴ്ച രാത്രി പെയ്ത മഴയുടെ മറവിലാണ് ബീച്ചിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതെന്നും ബീച്ചിന് മുകൾ ഭാഗത്തെ ഏതെങ്കിലും ഹോട്ടലുകളിൽ നിന്നാവാം ഇതെന്നുമാണ് ആക്ഷേപം. വിവരമറിഞ്ഞ് തീരശുചീകരണ ഏജൻസി തീരത്ത് ബ്ളീച്ചിംഗ് പൗഡർ അടക്കം വിതറിയെങ്കിലും ദുർഗന്ധം ശമിച്ചില്ല. ഇന്ന് മാലിന്യം നീക്കി തീരം ശുചീകരിക്കുമെന്ന് ഏജൻസി അധികൃതർ അറിയിച്ചു. മാലിന്യം തുറന്നുവിട്ടവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.