വക്കത്ത് പുസ്തകം അരികിൽ പദ്ധതിക്ക് തുടക്കമായി
Sunday 09 April 2023 1:54 AM IST
തിരുവനന്തപുരം : വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവധിക്കാലത്ത് വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകം അരികിൽ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ വക്കത്തെ ജനങ്ങൾക്കിടയിലേക്ക് പുസ്തകങ്ങൾ അന്വേഷിച്ചിറങ്ങി. ഒാരോവീടുകളിലും അവർ വായിച്ചു മാറ്റിവച്ചതും വായിക്കാതെ അലമാരയിൽ വെറുതെ ഇരിക്കുന്നതുമായ പുസ്തകങ്ങൾ തങ്ങളുടെ സ്കൂളിലെ ലൈബ്രറിയിലേക്ക് തരുമോ എന്ന നിർദ്ദേശം വച്ചു. വക്കത്തെ ജനങ്ങൾക്കിടയിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നും 2000 ത്തോളം പുസ്തകങ്ങൾ സംഭരിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. സംഭരിച്ച പുസ്തകങ്ങൾ വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ സ്കൂൾ ഹെഡ്മിസട്രസ് ബിന്ദു.സി.എസിനു കൈമാറി.സി.പി.ഒ സൗദീഷ് തമ്പി,എ.സി.പി.ഒ പൂജ, ഷീലു,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.