നിക്ഷേപം 1000 കോടി, തൊഴിലവസരം 3000, പ്രതീക്ഷയൊരുക്കി ചേർത്തല മെഗാ ഫുഡ്‌ പാർക്ക്

Wednesday 12 April 2023 12:52 AM IST

ആലപ്പുഴ: സമുദ്രോത്പന്ന സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ചേർത്തലയിലെ മെഗാ ഫുഡ്‌ പാർക്ക് പ്രവർത്തന സജ്ജമാകുമ്പോൾ ലക്ഷ്യമിടുന്നത് 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരങ്ങളും. കേന്ദ്ര ഭക്ഷ്യ -സംസ്‌കരണ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പാർക്കിന്റെ നിർമ്മാണം.

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) പള്ളിപ്പുറത്തെ വ്യവസായ വളർച്ചാകേന്ദ്രത്തിലെ 84.05 ഏക്കറിൽ 128.49 കോടിക്കാണ് പാർക്ക് സ്ഥാപിച്ചത്. ഒന്നാം ഘട്ടമായ 68 ഏക്കറിലെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്‌തു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി 40 കമ്പനികൾക്ക് സ്ഥലം അനുവദിച്ചു. ഇതിൽ 15 എണ്ണം പ്രവർത്തനം തുടങ്ങി. 600 പേർക്ക് തൊഴിലും ലഭിച്ചു.

റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജ്ജന ഓട, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസുൾപ്പെടെയുള്ള പ്രോസസിംഗ് യൂണിറ്റുകളും സജ്ജമായി. ഭക്ഷ്യവസ്‌തുക്കളുടെ കമ്പനികളും പാർക്കിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കയറ്റുമതിക്ക് മുമ്പായുള്ള പരിശോധനകൾക്കും രേഖകൾ തയ്യാറാക്കലിനുമായി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിന്റെ ഓഫീസും പാർക്കിലുണ്ട്. 2017 ജൂൺ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാർക്കിന് ശിലയിട്ടത്.

മുതൽമുടക്ക്

 കേന്ദ്ര സഹായം- 50 കോടി

സംസ്ഥാന വിഹിതം- 72.49 കോടി

 വായ്‌പ- ആറ് കോടി

 ആകെ മുതൽമുടക്ക്- 128.49 കോടി

 പദ്ധതി നടപ്പാക്കുന്നത്- 84.05 ഏക്കറിൽ

 ആദ്യഘട്ടം ഒരുക്കിയത്- 68 ഏക്കറിൽ

 തൊഴിൽ നേടിയവർ- 600

 സ്ഥലം ലഭിച്ച കമ്പനികൾ- 40

 പ്രവർത്തനം തുടങ്ങിയവ- 15

'പാർക്കിലെ മുഴുവൻ സ്ഥലവും കമ്പനികൾക്ക് കൈമാറി. ഇനി അവരാണ് സ്ഥാപനങ്ങൾ തുറക്കേണ്ടത്. നിലവിൽ 15 യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു".

- ജി. അശോക് ലാൽ‌, ജനറൽ മാനേജർ, കെ.എസ്.ഐ.ഡി.സി