സർവതോഭദ്രം പുരസ്കാരം ഗോപിയാശാന് സമർപ്പിച്ചു
Monday 08 May 2023 12:42 AM IST
പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം കലാകേന്ദ്രത്തിന്റെ പ്രഥമ പുരസ്‌കാരം അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി ആശാന് സമ്മാനിച്ചു. സമ്മേളനം സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.യു രഘുരാമപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻമാസ്റ്റർ മുഖ്യാതിഥിയായി. കഥകളി രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട്ട് നരേന്ദ്ര വാര്യർ, കലാനിലയം രാഘവൻ, കലാമണ്ഡലം രാജേന്ദ്രൻ, കലാനിലയം കുഞ്ഞുണ്ണി, കലാമണ്ഡലം ഹരിദാസ്, കലാനിലയം പരമേശ്വരൻ, കലാനിലയം ജനാർദ്ദനൻ, ഊരകം നാരായണൻ കുട്ടിനായർ എന്നിവരെ അഷ്ടഗുരു ആദരവ് നൽകി ആദരിച്ചു. സർവതോഭദ്രം പ്രധാനദ്ധ്യാപകൻ കലാനിലയം ഗോപി, അഡ്വ.എ.യു ഋഷികേശ് പണിക്കർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസന്ധ്യ അരങ്ങേറി.