അന്ന് റിങ്കു സിംഗിൽ നിന്ന് അവസാന ഓവറിൽ അഞ്ച് സിക്‌സർ വഴങ്ങി കണ്ണീരോടെ മടങ്ങി, തിരിച്ചുവരവിൽ ആദ്യ ഓവറിൽ തന്നെ നിർണായക വിക്കറ്റ് വീഴ്‌ത്തി, കേമൻ യാഷ് ദയാൽ

Tuesday 16 May 2023 8:31 PM IST

അഹമ്മദാബാദ്: ഈ സീസൺ ഐപിഎല്ലിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരങ്ങളിലൊന്നായിരുന്നു ഏപ്രിൽ ഒൻപതിന് നടന്ന കൊൽക്കത്ത നൈറ്റ്‌റൈഡ‌േഴ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ളത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന ലക്ഷ്യം അഞ്ച് സിക്‌സറുകൾ പറത്തി കൊൽക്കത്തയുടെ ഇടംകൈ ബാറ്റർ റിങ്കു സിംഗ് അത്ഭുതകരമായി നേടി. കനത്ത നാണക്കേടുണ്ടാക്കുന്ന ഈ റെക്കാഡ് നേരിടേണ്ടി വന്നത് ഗുജറാത്തിന്റെ യാഷ് ദയാൽ എന്ന യുവ ബൗളർ‌ക്കാണ്.

മത്സരത്തിൽ നേരിട്ട നാണക്കേടിനെ തുടർന്ന് കരഞ്ഞുകൊണ്ടാണ് യാഷ് അന്ന് സ്റ്റേഡിയം വിട്ടത്. യാഷിന് ഈ നാണക്കേട് കാരണം കടുത്ത മാനസിക പ്രയാസമുണ്ടായെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും പിന്നീട് ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. യാഷിന്റെ ശരീരഭാരം പോലും കുറഞ്ഞുപോയി.

എന്നാലിപ്പോൾ ഇന്നലെ മടങ്ങിവരവിൽ മികച്ച പ്രകടനം തന്നെ കാഴ്‌ചവച്ചിരിക്കുകയാണ് യാഷ്. ഒരു മാസത്തിന് ശേഷം മടങ്ങിയെത്തിയ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ സൺറൈസേഴ്‌സിന്റെ ഒരു വിക്കറ്റും വീഴ്‌ത്തി. നാലോവറും എറിഞ്ഞ യാഷ് 31 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.

മത്സരത്തിൽ ബാറ്റിംഗിന് പുറമേ ബൗളിംഗിലും മുന്നിട്ട്നിന്ന ഗുജറാത്ത്, സൺറൈസേഴ്‌സിനെ 34 റൺസിന് തോൽപ്പിച്ചിരുന്നു. 189 റൺസ് നേടേണ്ടിയിരുന്ന ഹൈദരാബാദിന് 154 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് ഷമിയും മോഹിത്ത് ശർമ്മയും നാല് വിക്കറ്റുകൾ വീതം വീഴ്‌ത്തി ഹൈദരാബാദ് ബാറ്റിംഗ്‌നിരയെ തകർത്തു.

Advertisement
Advertisement