പെൺകുട്ടികളെ പഠിപ്പിക്കുന്നത് ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ടീച്ചർ; പടിയിറങ്ങുന്നത് മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരവുമായി
മൂന്നു പതിറ്റാണ്ട് കുട്ടികളുടെ കൂടെ കഴിഞ്ഞ് ഇക്കഴിഞ്ഞ മേയ് 31നാണ് കരമന ഗവ. എസ് എസ് എൽ പി എസിൽ നിന്ന് പ്രഥമാദ്ധ്യാപികയായി ഷർമിള ദേവി എസ് പടിയിറങ്ങിയത്. അതിനു തൊട്ടു പിന്നാലെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരവും (എൽ പി വിഭാഗം) ടീച്ചറെത്തേടിയെത്തി.
1991ൽ നെടുമങ്ങാട് കുളപ്പട എൽ പി എസിൽ അദ്ധ്യാപികയായാണ് ഷർമിളാ ദേവിയുടം അദ്ധ്യാപന ജീവിതം തുടങ്ങിയത്. കുട്ടിക്കാലത്ത് ഡോക്ടറാകാൻ മോഹിച്ചെങ്കിലും ഭാവിയിൽ നിരവധി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും അദ്ധ്യാപകരെയുമൊക്കെ വാർത്തെടുക്കുകയെന്ന ഭാരിച്ച ദൗത്യമായിരുന്നു കല്ലറ തുമ്പോട് സ്വദേശിനിയായ ഷർമിള ദേവിക്കായി കാലം കാത്തുവച്ചത്. കുട്ടികളെ പഠിപ്പിക്കുന്നതിലെ സന്തോഷവും സംതൃപ്തിയും തന്നിലെ അദ്ധ്യാപികയെ പാകപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് ഷർമിള ദേവി കേരളകൗമുദിയോട് പറഞ്ഞു.
15 വർഷം കോട്ടൺഹിൽ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. പെൺകുട്ടികളെ പഠിപ്പിക്കാനായിരുന്നു ടീച്ചർക്ക് എന്നും പ്രിയം. ചെയ്യാൻ മനസുണ്ടെങ്കിൽ സാഹചര്യം ഒന്നിനും തടസമാകില്ലെന്ന് 33 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ കൂടി ഷർമിള ദേവി തെളിയിച്ചു.
ഭർത്താവ് വേണുഗോപാലൻ നായർക്കും മക്കളായ കംപ്യൂട്ടർ എൻജിനിയറായ സൂരജ് വി. നായർക്കും ടൂർ കമ്പനി നടത്തുന്ന സന്ദീപ് വി. നായർക്കും ഒപ്പം പേയാട് കാട്ടുവിള എക്സൽ ലാൻഡിലെ തീരത്തിരുന്ന് വിശ്രമ ജീവിതം ആസ്വദിക്കുമ്പോഴും കുട്ടികളുടെ ആരവങ്ങളും കളിക്കൊഞ്ചലുകളും വല്ലാതെ മിസ് ചെയ്യുമെന്ന് ഷർമിള ടീച്ചർ ഉറപ്പിച്ച് പറയുന്നു.