ശ്രീരാമനെയും രാമായണത്തെയും അപമാനിക്കുന്നു, ആദിപുരുഷ് സിനിമയ്‌ക്കെതിരെ ഹിന്ദു സേന കോടതിയിൽ
ന്യൂഡൽഹി: ശ്രീരാമനായി പ്രഭാസും രാവണനായി സെയ്‌ഫ് അലിഖാനും എത്തുന്ന ആദിപുരുഷ് റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ്. ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രം ഇന്ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹിന്ദുസേന എന്ന സംഘടന പൊതുതാത്പര്യ ഹർജി നൽകി എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ശ്രീരാമനെയും രാമായണത്തെയും സംസ്കാരത്തെയും ചിത്രം പരിഹസിക്കുന്നു എന്ന് ഹർജിയിൽ പറയുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂൽ മീഡിയ എന്റർടെയിൻമെന്റ് എന്ന വി.എഫ്.എക്സ് കമ്പനി ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ചിത്രം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ചിത്രത്തിൽ ക്രെഡിറ്റ് നൽകിയില്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാനായി മാറ്റിവെയ്ക്കുമെന്ന് സംവിധായകൻ അറിയിച്ചിരുന്നു. എന്നാൽ സംവിധായകന്റെ നിർദേശപ്രകാരം ഹനുമാനായി മാറ്റിവെച്ച സീറ്റിൽ ഇരിക്കാൻ ശ്രമിച്ച യുവാവിന് മർദനമേറ്റതായുള്ള വാർത്തയും റിലീസ് ദിനത്തിൽ പുറത്തു വന്നു