കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ വൻ വിലയ്ക്ക് വിൽക്കും; ഓണം മുന്നിൽ കണ്ടെത്തിയ സംഘത്തെ കയ്യോടെ പൊക്കി

Thursday 17 August 2023 10:32 AM IST

കാസർകോട്: ഓണാഘോഷം മുൻനിർത്തി കർണാടകയിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വൻതോതിൽ മദ്യം ഒഴുകുന്നു. മദ്യക്കടത്ത് സംഘത്തെ പിടികൂടാൻ മഞ്ചേശ്വരം എക്‌സൈസ് പരിശോധന ശക്തമാക്കി.

വാമഞ്ചൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം മാരുതി കാറിൽ കടത്തിയ 303 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി യുവാവിനെ അറസ്റ്റുചെയ്തു. പനയാൽ ബങ്കാരു ഹൗസിൽ താമസിക്കുന്ന ഭരത് രാജിനെ(30)യാണ് അറസ്റ്റ് ചെയ്തത്. കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കാർഡ് ബോർഡ് ബോക്സുകളിൽ സൂക്ഷിച്ച 303 ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. കാറും മദ്യവും കസ്റ്റഡിയിലെടുത്തു.

മൂന്ന് മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് വാമഞ്ചൂർ ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ മഞ്ചേശ്വരം എക്‌സൈസ് പിടികൂടിയത്. നാലുദിവസം മുമ്പ് ഇതേസ്ഥലത്ത് വെച്ച് കാറിൽ കടത്തുകയായിരുന്ന 72 ലിറ്റർ മദ്യവും 24,500 രൂപയും പിടികൂടിയിരുന്നു. കർണാടകയിൽ നിന്ന് വില കുറഞ്ഞ മദ്യം കൊണ്ടുവന്ന് വലിയ തുകയ്ക്കാണ് വിൽപ്പന നടത്തുന്നത്. കർണാടക അതിർത്തി പ്രദേശങ്ങളായ ബായാർ, പൈവളിഗെ, മുളിഗദെ, ചേവാർ തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് കാസർകോട്ടേക്ക് വൻതോതിൽ മദ്യം കടത്തുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പരിശോധന ശക്തമാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ എം. യൂനസ്, പ്രിവന്റീവ് ഓഫീസർ വി. സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. രാമ, കെ. ബിനൂപ്, അഖിലേഷ്, വി.ബി ഷബിത്‌ലാൽ, ഡ്രൈവർ കെ. സത്യൻ എന്നിവരാണ് ഇന്നലെ മദ്യം പിടികൂടിയത്.