പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് റോഡിൽ സിന്തറ്റിക് ലഹരി മാഫിയ വാഴുന്നതായി സി പി എം നേതാവ്, അന്വേഷണവുമായി സ്‌പെഷ്യൽ ബ്രാഞ്ച്
തിരുവനന്തപുരം:മാനവീയം വീഥിയിൽ ലഹരി മാഫിയ സംഘം വാഴുന്നുവെന്ന സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്മേൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സിന്തറ്റിക്ക് ലഹരി വില്പനയും ഉപയോഗവും ചില സംഘങ്ങൾ നടത്തുന്നുണ്ടെന്നാണ് പോസ്റ്റിൽ.
എക്‌സൈസ് ഇന്റലിജൻസും നീരിക്ഷണം നടത്തും
ആദ്യമായാണ് ഇത്തരമൊരു ഗുരുതര ആരോപണം ഒരു സി.പി.എം നേതാവ് മാനവീയം വീഥിയെ പറ്റി ഉന്നയിക്കുന്നത്. പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്തായതിനാൽ മാനവീയം വീഥിയിൽ സിന്തറ്റിക്ക് ലഹരി ഉൾപ്പെടെ പെരുകുന്നുവെന്ന ആരോപണം ഗുരുതരമാണ്. ഇതു വരെ ഇവിടത്തെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ല. എങ്കിലും നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉന്നയിച്ച ആരോപണം ഗൗരവതരമാണ്. വീഥിയുടെ മോഡിപിടിപ്പിക്കലിന് ശേഷമാണ് മറ്റ് പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ഇത്തരക്കാർ ഇവിടം വിഹാരരംഗമാക്കാൻ തുടങ്ങിയതെന്നും ബിനു പോസ്റ്റിൽ പറയുന്നു.