ഏഴ് വർഷം:കേരളത്തിൽ കൊല്ലപ്പെട്ട കുട്ടികൾ 215
തിരുവനന്തപുരം: കുഞ്ഞുങ്ങൾക്കും രക്ഷയില്ലാത്ത നാടായി കേരളം. 2016 മുതൽ
കഴിഞ്ഞ ഏഴ് വർഷക്കാലം 215 കുട്ടികളെയാണ് കൊലപ്പെടുത്തിയത്. 1629 പേരെ തട്ടിക്കൊണ്ടുപോയി. 24,951കുട്ടികൾ ലൈംഗിക അതിക്രമത്തിനിരകളായി. നിത്യേന ശരാശരി 12കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതായി പൊലീസ്
കേസെടുക്കുന്നു.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ഇക്കാലയളവിൽ 31,714 ക്രിമിനൽ കേസുകളാണുണ്ടായത്. ദിവസേന 15ക്രിമിനൽ കേസുകളെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇക്കൊല്ലം ആദ്യ ആറു മാസക്കാലം 2234 കുഞ്ഞുങ്ങളാണ് ലൈംഗികാതിക്രമത്തിന് ഇരകളായത്. ആലുവയിൽ ആഗസ്റ്റിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.വധശിക്ഷ വരെ കിട്ടാവുന്ന അതിശക്തമായ പോക്സോ നിയമമുണ്ടെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ല.
ലഹരി ഉപയോഗം, കുടുംബ പ്രശ്നങ്ങൾ തുടങ്ങി ക്വട്ടേഷൻ വരെ അതിക്രമങ്ങൾക്ക് കാരണമാവുന്നുണ്ട്.തിരുവനന്തപുരത്താണ് പോക്സോ കേസുകളേറെയും- ഇക്കൊല്ലം ജൂൺ വരെ 269. മലപ്പുറത്ത് 255, എറണാകുളത്ത്-232, കൊല്ലത്ത്-196, കോഴിക്കോട്ട്-191, പാലക്കാട്ട്-170 എന്നിങ്ങനെ കേസുകളുണ്ട്. 2022ൽ 568 പോക്സോ കേസിലെ ഇരകൾക്ക് 12.99 കോടി നഷ്ടപരിഹാരം അനുവദിച്ചിരുന്നു. 620 ഇരകൾക്കായി 14.39കോടി രൂപയാണ് നൽകാനുണ്ടായിരുന്നത്.
വീട്ടിലുമില്ല
സുരക്ഷിതത്വം
വീടുകൾ, സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലെല്ലാം കുട്ടികൾ ലൈംഗികാതിക്രമത്തിനിരയാവുന്നു. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518 പോക്സോ കേസുകളിൽ 5002 പ്രതികളുണ്ട്. ഇതിൽ 115 സ്ത്രീകളുമുണ്ട്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നിയമഭേദഗതികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല.
ശിക്ഷാനിരക്ക്
18.32 % മാത്രം
പൊലീസ് കണക്കനുസരിച്ച് പോക്സോ കേസുകളിലെ ശരാശരി ശിക്ഷാനിരക്ക് 18.32% മാത്രം. കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം 2015-19കാലത്ത് കേരളത്തിലെ ശിക്ഷാനിരക്ക് 4.4% മാത്രമാണ്. ദേശീയതലത്തിൽ 11.87% ആയിരുന്നു.
ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമമെങ്കിലും നീണ്ടുപോവും. 2022ലെ 4518കേസുകളിൽ വിധിയായത് 68ൽമാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ. 13,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നു.
2019ലെ 3640കേസുകളിൽ 150ഉം 2020ലെ 3056കേസിൽ 88ഉം 2021ലെ 3559കേസുകളിൽ 47ഉം എണ്ണത്തിലാണ് ശിക്ഷാവിധിയുണ്ടായത്.
കൊലപ്പെടുത്തിയ
കുട്ടികൾ
2016----------33
2017----------28
2018----------28
2019----------25
2020----------29
2021----------41
2022----------23
2023----------08
(ജൂൺവരെ)
പോക്സോ
കേസുകൾ
2016--------2131
2017--------2702
2018--------3174
2019--------3634
2020--------3042
2021--------3516
2022--------4518
2023--------2234
(ജൂൺവരെ)
കുട്ടികൾക്കെതിരായ
അതിക്രമങ്ങൾ
2016--------2879
2017--------3562
2018--------4253
2019--------4754
2020--------3941
2021--------4536
2022--------5315
2023--------2474
(ജൂൺവരെ)
തട്ടിക്കൊണ്ടുപോയ
കുട്ടികൾ
2016--------157
2017--------184
2018--------205
2019--------280
2020--------200
2021--------257
2022--------269
2023--------77
(ജൂൺവരെ)