ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം വെടിവച്ചിട്ട് ഇന്ത്യ; ഷൂട്ടിംഗ് ടീമിന് ലോക റെക്കോഡ്

Monday 25 September 2023 8:39 AM IST

ഹാങ്‌ചൗ: പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ കന്നി സ്വർണം വെടിവച്ചിട്ട് ഇന്ത്യ.പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ സുവർണനേട്ടം.

ദിവ്യാൻഷ് സിംഗ് പൻവർ, ഐശ്വര്യപ്രതാപ് സിംഗ് തോമർ, രുദ്രാങ്കാഷ് പാട്ടീൽ എന്നിവരുടെ ടീമാണ് സ്വ‌ർണം സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോകറെക്കോഡോടെയാണ് ടീം ഇന്ത്യയുടെ നേട്ടം. 1893.7 പോയിന്റ് ആണ് ടീം നേടിയത്. മുൻ ലോക റെക്കോഡിനെക്കാൾ 0.4 പോയിന്റ് കൂടുതൽ. രണ്ടാം സ്ഥാനത്ത് കൊറിയയും മൂന്നാമത് ചൈനയുമാണ്. മൂന്ന് ഇന്ത്യൻ താരങ്ങളും വ്യക്തിഗത ഫൈനൽ ഇനത്തിലേക്കും യോഗ്യത നേടിയിട്ടുണ്ട്.മറ്റ് അഞ്ച് താരങ്ങളോടാകും ഇവർ മത്സരിക്കുക.

അതേസമയം ഫോർ റോവിംഗ് മത്സര ഇനത്തിൽ ഇന്ത്യയ്‌ക്ക് വെങ്കലവും ലഭിച്ചു. ജസ്‌വീന്ദർ, ഭീം, പുനിത്,ആശിഷ് എന്നിവരുടെ ടീം 6:10.81 സമയം കൊണ്ടാണ് വെങ്കലമെഡൽ ഉറപ്പിച്ചത്. ഇതോടെ ഒരു സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി ആകെ ഏഴ് മെഡൽ നേടി ഇന്ത്യ ആറാം സ്ഥാനം നേടി. 23 സ്വ‌ർണവും 10 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 38 പോയിന്റുമായി ചൈനയാണ് ഒന്നാമത്. അ‌ഞ്ച് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി കൊറിയ രണ്ടാം സ്ഥാനത്താണ്.