അഖിൽ സജീവിന്റെ കൂടുതൽ തട്ടിപ്പ് പുറത്ത്,​ കിഫ്ബിയിലും ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം, 70 ലക്ഷം തട്ടി

Saturday 30 September 2023 12:32 AM IST

 പണം വാങ്ങിയത് ഏഴുപേരിൽ നിന്ന്

പത്തനംതിട്ട: ആയുഷ് മിഷനിൽ ഹോമിയോ ഡോക്ടർ നിയമനത്തിന് കോഴ വാങ്ങിയെന്ന് ആരോപണമുയർന്ന കേസിലെ ഇടനിലക്കാരൻ അഖിൽ സജീവ് കിഫ്ബിയിലും ചവറ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിയിൽ നിന്നും ടൈറ്റാനിയത്തിൽ മറ്റൊരാളിൽ നിന്നും പത്തുലക്ഷം രൂപാ വീതമാണ് വാങ്ങിയത്. കിഫ്ബി തട്ടിപ്പിൽ അഞ്ചുപേരിൽ നിന്നുകൂടി പത്തുലക്ഷം വീതം വാങ്ങിയിരുന്നതായും സൂചനയുണ്ട്. അഖിൽ സജീവ് സി.എെ.ടി.യു പത്തനംതിട്ട ജില്ലാ ഒാഫീസ് സെക്രട്ടറിയായിരിക്കെയാണ് ഇൗ തട്ടിപ്പുകൾ നടത്തിയത്.

റിട്ട.സർക്കാർ ഉദ്യോഗസ്ഥനായ റാന്നി സ്വദേശിയുടെ എംകോം പാസായ മകൾക്ക് കിഫ്ബിയിൽ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. എട്ട് ലക്ഷം ട്രഷറി,ബാങ്ക് അക്കൗണ്ടിലൂടെയും രണ്ട് ലക്ഷം നേരിട്ടുമാണ് വാങ്ങിയത്. നിയമനം ലഭിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് ഉത്തരവ് നേരിട്ട് കൈപ്പറ്റാൻ മകളും കുടുംബവുമായി ഇദ്ദേഹം തിരുവനന്തപുരത്തേക്ക് കാറിലാണ് പോയത്. പത്തനംതിട്ട നഗരത്തിൽ നിന്ന് അഖിലും കയറി.

സെക്രട്ടേറിയറ്റിന് സമീപത്തെ കിഫ്ബി ഒാഫീസിന് മുന്നിൽ കാർ നിറുത്തി. കിഫ്ബിയിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തി ദീപു എന്നയാൾ കാറിനടുത്തെത്തി. ഓഫീസിൽ പണി നടക്കുന്നതിനാൽ അകത്തേക്ക് കയറാനാവില്ലെന്ന് അറിയിച്ചു. നിയമന രജിസ്റ്റർ എന്ന പേരിൽ ഒരു ബുക്കിൽ പെൺകുട്ടിയിൽനിന്ന് ഒപ്പിട്ടു വാങ്ങി. കുറച്ചുനാൾ ഒാൺലൈനായി ജോലി ചെയ്യണമെന്നും പറഞ്ഞ് തിരിച്ചയച്ചു. അഖിൽ അവിടെയിറങ്ങി.

പിന്നീട് ടാക്സ് സംബന്ധമായ ചില ഷീറ്റുകൾ ഒാൺലൈനായി പെൺകുട്ടിക്ക് അയച്ചുകൊടുത്തു. അതിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ചു. ചില ചോദ്യങ്ങളിലെ സംശയം തീർക്കാൻ ടാക്സുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ സമീപിച്ചെങ്കിലും അതെന്താണെന്ന് അവർക്കും മനസ്സിലായില്ല. ദീപുവിനെ ഒാൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഖിൽ സജീവിനെ ബന്ധപ്പെട്ടപ്പോൾ താൻ സ്ഥലത്തില്ലെന്നും നിയമന ഉത്തരവ് കിഫ്ബിയുടേത് തന്നെയാണെന്നും പറഞ്ഞു. പിന്നീടാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്.


പെൺകുട്ടിയുടെ പിതാവ് സി.പി.എം, സി.എെ.ടി.യു ജില്ലാ കമ്മിറ്റി ഒാഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. സി.എെ.ടി.യു ഒാഫീസിലെ പണം തട്ടിയതിന് അഖിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നു നേതൃത്വം വ്യക്തമാക്കി. റാന്നിയിലെ അഖിലിന്റെ സുഹൃത്ത് മുഖേനയാണ് ഇയാളെ പരിചയപ്പെട്ടതെന്ന് റാന്നി സ്വദേശി പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

തട്ടിപ്പ് സംഘത്തിലെ പ്രധാനി

സർക്കാർ വകുപ്പുകളിൽ നിയമനം വാഗ്ദാനം ചെയ്ത് സെക്രട്ടേറിയറ്റിനെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്ന വൻതട്ടിപ്പു സംഘത്തിലെ പ്രധാനിയാണ് അഖിൽ സജീവാണെന്നാണ് വിവരം. ഡോക്ടർ നിയമനത്തട്ടിപ്പ് പുറത്തുവന്നതോടെ ഇയാൾ ഒളിവിലാണ്.

Advertisement
Advertisement